ശ്രീനാരായണധർമ്മത്തിൻ്റെ പ്രചാരകനല്ല 

ശ്രീനാരായണധർമ്മത്തിൻ്റെ പ്രചാരകനല്ല 
നിത്യചൈതന്യയതി :എം.കെ.ഹരികുമാർ

 കാലടി ബുധസംഗമം ബുക്സ് പ്രസിദ്ധീകരിച്ച നിത്യചൈതന്യയതി ജന്മശതാബ്ദി സ്മരണിക ( 800 പേജ് ,രണ്ടായിരം രൂപ ) ‘യതിയുടെ ജ്ഞാനസരണി ‘ ആലുവ അദ്വൈതാശ്രമത്തിൽ പ്രകാശനം ചെയ്ത  ചടങ്ങിൽ എം.കെ. ഹരികുമാർ പുസ്തകം അവതരിപ്പിച്ച് സംസാരിക്കുന്നു. സി. രാധാകൃഷ്ണൻ ,ജസ്റ്റിസ് കെ.സുകുമാരൻ ,ഡോ. ധർമ്മരാജ് അടാട്ട് ,സ്വാമി ധർമചൈതന്യ, അഡ്വ.കെ.ബി. സാബു ,കാലടി എസ് മുരളിധരൻ ,ജയപ്രകാശ് ഒക്കൽ  ,ഡോ. എം.വി.നടേശൻ  തുടങ്ങിയവർ പങ്കെടുത്തു.

ലുവ :ഭാവുകത്വത്തെ മറികടന്ന് വിജ്ഞാനത്തിന്റെയും സൗന്ദര്യത്തിന്റെയും സമന്വയവും സാക്ഷാത്കാരവുമാണ് നിത്യചൈതന്യയതി തേടിയതെന്ന് എം.കെ.ഹരികുമാർ അഭിപ്രായപ്പെട്ടു.

കാലടി ബുധസംഗമം പ്രസിദ്ധീകരിച്ച നിത്യചൈതന്യയതിയുടെ ജന്മശതാബ്ദി സ്മരണിക ‘നിത്യയുടെ ജ്ഞാനസരണി’ എന്ന പുസ്തകത്തിൻ്റെ പ്രകാശനവേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹരികുമാറിൻ്റെ പ്രഭാഷണത്തിൽ നിന്ന്: 

യതി ജ്ഞാനത്തെയാണ് തേടിയത്. അതിനായുള്ള ആസക്തിയാണ് പ്രവർത്തിച്ചത്. മനുഷ്യൻ നേടുന്ന അറിവ് എന്ന നിലയിലല്ല യതി അറിവിനെ കണ്ടത് .ഒരു ചെടിയിൽ ഇതൾ വിരിയുന്നതും അറിവാണ്. അതിന് മതമില്ല. അത്  വിശ്വാസത്തിനും അവിശ്വാസത്തിനും അപ്പുറത്താണെന്ന കാഴ്ചപ്പാടാണ് യതിയുടേത്. അദ്ദേഹം സകല വസ്തുക്കളിലും അറിവ് തേടിയലഞ്ഞു. അദ്ദേഹത്തിന് പാശ്ചാത്യവും പൗരസ്ത്യവുമായ വ്യത്യാസമില്ലായിരുന്നു.ഇതിൻ്റെ ഭാഗമായാണ് ഈസ്റ്റ് വെസ്റ്റ് യൂണിവേഴ്സിറ്റി എന്ന ആശയം പ്രചരിപ്പിച്ചത്. യതി ഭാവുകത്വത്തിനപ്പുറമാണ് ജ്ഞാനത്തെ തേടിയത്.പൊതുവേ എഴുത്തുകാർക്ക് അവരുടെ ഭാവുകത്വ പരിസരമുണ്ട് .അവർ തങ്ങളുടെ ആസ്വാദനത്തിനു പറ്റിയ കൃതികളാണ് തിരഞ്ഞെടുക്കുക. അതിനപ്പുറമുള്ള കൃതികൾ അവർ വായിക്കുമെങ്കിലും എഴുതാൻ സാധിക്കില്ല. ഭാവുകത്വത്തിൻ്റെ  പശ്ചാത്തലത്തിലാണ് വായിക്കുന്നത്. എന്നാൽ യതി ഒരു ഭാവുകത്വത്തെയും ഗൗനിച്ചില്ല. അദ്ദേഹം എല്ലാ വിജ്ഞാന ശാഖകളിലേക്കും അറിവ് തേടി സഞ്ചരിച്ചു. എല്ലാം അദ്ദേഹത്തിന് വിഭവമായിരുന്നു .ഉപനിഷത്ത് മുതൽ ശാസ്ത്രം വരെ പരിശോധിച്ചു.ആ പാതയിലാണ് യതി ശ്രീനാരായണഗുരുവിൻ്റെ കൃതികളെയും കാണുന്നത്.ശ്രീനാരായണഗുരുവിൻ്റെ  കൃതികളുടെ ,ധർമ്മത്തിന്റെ പ്രചാരകനാണോ എന്ന് ഒരു മാധ്യമ പ്രവർത്തകൻ ചോദിച്ചപ്പോൾ അല്ല എന്നാണ് യതി മറുപടി നൽകിയത്. അദ്ദേഹം ഗുരുവിൻ്റെ ധർമ്മം പ്രചരിപ്പിക്കുകയല്ല ചെയ്തത്. വിജ്ഞാനപരമായ അഭിനിവേശമാണ് അതിനു പിന്നിലുള്ളത്.ഗുരുവിൻ്റെ കൃതികൾ പോലെ തന്നെ സിമോങ് ദ് ബുവെ, പാബ്ളോ നെരൂദ തുടങ്ങിയവരെക്കുറിച്ചും അദ്ദേഹം എഴുതി. യതി ഗുരുധർമ്മത്തിൻ്റെ  പ്രചാരകനാണെന്ന പേരിൽ ടി. ഭാസ്കരൻ എഴുതിയ ലേഖനം ഈ ഗ്രന്ഥത്തിലുണ്ട് .എന്നാൽ ആ വാദത്തോട് യോജിക്കാനാവില്ല . ഗുരുവിൻ്റെ നിലയിലുള്ള ജീവിതമല്ല യതി നയിച്ചത്. യതി ഒരു സന്യാസിയല്ലായിരുന്നു. സമാധാനപരമായി ആത്മീയകാര്യങ്ങൾ അറിയാൻ ശ്രമിച്ച ഒരു മനീഷി യായിരുന്നു. വിജ്ഞാനശാഖകൾ തമ്മിലുള്ള അതിർത്തി മായിച്ചു കളയാനാണ് അദ്ദേഹം ശ്രമിച്ചത്. അദ്ദേഹം ചിത്രകാരൻ മാറ്റിസിനെയും സംഗീതജ്ഞൻ ബിഥോവനെയും കവി ബ്ളേക്കിനെയും സമന്വയിപ്പിച്ചുകൊണ്ട് അറിവിൻ്റെ സൗന്ദര്യശാസ്ത്രം നേടുകയാണ് ചെയ്തത്. യതി ആവിഷ്കാരത്തിന് തിരഞ്ഞെടുത്തത് വിവിധ രൂപങ്ങളാണ്. കത്തുകൾ ,ഡയറിക്കുറിപ്പുകൾ ,വിവർത്തനം, ക്ലാസുകൾ,പ്രഭാഷണങ്ങൾ, ലേഖനങ്ങൾ ,കവിത തുടങ്ങിയ രൂപങ്ങൾ ഉണ്ടായിരുന്നു. യതി  സുഹൃത്തുക്കൾക്ക് കത്തുകളെഴുതി  ഒരു ലോകം സൃഷ്ടിച്ചു.  അദ്ദേഹവുമായി ആശയവിനിമയം നടത്തിയവർ അറിവിൻ്റെ ശുദ്ധാവസ്ഥയിൽ എത്തിച്ചേർന്നു. യതി യുടെ ഏറ്റവും നല്ല പുസ്തകം ‘ഭഗവത്ഗീതാ സ്വാദ്ധ്യായ’മാണെന്ന് ഇവിടെ പറഞ്ഞു. എന്നാൽ  അതിനെക്കുറിച്ച് യതിക്ക് വലിയ മതിപ്പില്ലായിരുന്നു .ഒരു ശിഷ്യൻ ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ , അങ്ങയുടെ മികച്ച പുസ്തകം ഏതാണെന്ന് ചോദിച്ചപ്പോൾ വലിയ അനിഷ്ടത്തോടെയാണ് യതി പ്രതികരിച്ചത്. ഇത് കേട്ട് ചോദ്യ കർത്താവ് പിൻവാങ്ങി. അദ്ദേഹം ഒരു വ്യവഹാരത്തിലും ഒതുങ്ങാത്ത ഒരു ലോക സഞ്ചാരിയായിരുന്നു .വീടു വിട്ട് സത്യം തേടിയ യതിക്ക് അതിർവരമ്പുകളില്ലായിരുന്നു. അദ്വൈതത്തെ വിജ്ഞാന സരണിയിലൂടെ അന്വേഷിക്കുകയാണ് യതി ചെയ്തത്.അദ്വൈതം ഈ പ്രപഞ്ചവും നമ്മളും തമ്മിൽ ഭിന്നതയില്ലെന്നാണ് അർത്ഥമാക്കുന്നത്. ഒരാളുടെ ആന്തരിക ചൈതന്യവും പ്രപഞ്ചമനസ്സും തമ്മിൽ ഭേദമില്ല. എങ്കിൽ അവിടെ ദൈവത്തിനു സ്ഥാനമില്ല. ആത്മചൈതന്യത്തിൽ നിന്ന് ഭിന്നമായി യാതൊന്നുമില്ല. അതുകൊണ്ട് ദൈവം ഉണ്ടായിരിക്കാൻ പാടില്ല. ദൈവം ഉണ്ടായിരിക്കുമ്പോൾ  നമുക്ക് അന്യമായി, ഭിന്നമായി ഒന്നു നിലനിൽക്കുന്നു എന്നു വരുകയാണ്. അതുകൊണ്ട് അദ്വൈതികളായ ശ്രീനാരായണഗുരുവിനും ശങ്കരാചാര്യർക്കും ദൈവം ഇല്ല എന്ന് പറയാവുന്നതാണ് .അവർ പ്രപഞ്ചവുമായുള്ള ബന്ധത്തിൽ ഭേദചിന്തകളില്ലാതെ ജീവിച്ചവരാണ്. ഈ തത്വത്തെ അറിഞ്ഞ യതി എല്ലാം തന്നിലേക്ക് ആകർഷിക്കുകയാണ് ചെയ്തത്. എല്ലാറ്റിലും ചേർന്നു നിൽക്കുന്ന ഒരു ഏകാത്മക ചൈത്യന്യമാണ് അദ്ദേഹത്തിൻ്റെ ബുദ്ധിയെ വശീകരിച്ചത്. യതിയുടെ My Inner Profile എന്ന കവിതാസമാഹാരത്തെക്കുറിച്ച് ഞാൻ 2014 ൽ കലാകൗമദിയിൽ എഴുതിയത്  ഓർക്കുന്നു. ബുധസംഗമത്തിൽ നിന്ന് എന്നെ വിളിച്ചെങ്കിലും ഈ ലേഖനം എത്തിച്ചുകൊടുക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് ആ ലേഖനം ഇതിൽ ചേർത്തിട്ടില്ല. യതിയുടെ മനസ്സിൻ്റെ സൗന്ദര്യാത്മക ലോകത്തെ അനുഭവിപ്പിക്കുന്ന കവിതകളാണതിലുള്ളത്. ടാഗോറിന്റെ ‘ഗീതാഞ്ജലി’ പോലെ യതിയുടെ കവിതകളും പ്രപഞ്ചചൈതന്യത്തോടുള്ള സംവാദമാണ്. താൻ നേടിയ അറിവുകളിൽ നിന്ന് ശേഖരിച്ച സൗന്ദര്യമാണ് ആ കവിതകളിൽ യതി  അവതരിപ്പിച്ചത്.

04842461858
8089645987