അഭിമുഖം

Oplus_131072

എം.കെ.ഹരികുമാർ / കെ.ജി.മഹേന്ദ്രകുമാർ 

പ്രമുഖ സാഹിത്യവിമർശകനും നോവലിസ്റ്റുമായ എം.കെ.ഹരികുമാറിന്റെ  ‘അക്ഷരജാലകം’ എന്ന പ്രതിവാര സാഹിത്യപംക്തി ഇരുപത്തിയേഴ്  വർഷം പിന്നിട്ടിരിക്കുന്നു. ഒരു വിജയമാണിത്. ഇത്രയും കാലമായി തുടരുന്ന ഒരു സാഹിത്യ, സാംസ്കാരിക പംക്തി ഇപ്പോൾ ഇന്ത്യയിൽ വേറെയില്ലല്ലോ. ഈ വാർത്തമാനകാലത്ത് മലയാളത്തിൻ്റെ ഒരേയൊരു കോളമിസ്റ്റ് എന്ന നിലയിൽ തിളങ്ങുന്ന ഹരികുമാർ സാഹിത്യവിമർശകനെന്ന നിലയിൽ  സൈദ്ധാന്തികനും കലാകാരനുമാണ്. നവാദ്വൈതം, ഉത്തര- ഉത്തരാധുനികത ,സ്യൂഡോറിയലിസം ,തനിമനസ് തുടങ്ങിയ സിദ്ധാന്തങ്ങളിലൂടെ ഹരികുമാർ തൻ്റെ വിമർശനസമീപനങ്ങൾക്ക് പുതിയ ഉള്ളടക്കവും അടിത്തറയും സൃഷ്ടിച്ചുകഴിഞ്ഞു.പുതിയ വിമർശനത്തിന്റെ ആവിഷ്ക്കർത്താവായി മാറിയ അദ്ദേഹം, 1984 ൽ എഴുതിയ ‘ആത്മായനങ്ങളുടെ ഖസാക്ക് ‘വിമർശനത്തെ കവിതയിലേക്കും കലയിലേക്കും ഉയർത്തുകയായിരുന്നു.’അക്ഷരജാലക’ത്തിൻ്റെ ഇരുപത്തിയേഴ്  വർഷങ്ങളുടെ പശ്ചാത്തലത്തിൽ ഹരികുമാറുമായി നടത്തിയ ഒരു ഹ്രസ്വഭാഷണമാണിത്. 

ചോദ്യം: ‘അക്ഷരജാലകം’ എന്ന പംക്തി എഴുതിതുടങ്ങുമ്പോൾ അത് സുദീർഘമായ ഒരു കാലയളവിലേക്ക് വളരുമെന്ന് കരുതിയിരുന്നോ ?

എം.കെ.ഹരികുമാർ: അങ്ങനെയൊരു പ്രതീക്ഷയില്ലായിരുന്നു. എഴുതിതുടങ്ങിയപ്പോൾ തന്നെ എനിക്ക് വായനക്കാരുടെ പിന്തുണ കിട്ടിക്കൊണ്ടിരുന്നു. വായനക്കാരുടെ ജിജ്ഞാസ ശരിക്കും ഞാൻ അനുഭവിച്ചിട്ടുണ്ട്. ‘അക്ഷരജാലകം’ എന്ന പേര് ഇന്ന് സാഹിത്യത്തെപ്പറ്റി പറയുന്ന പലയിടങ്ങളിലും ഉപയോഗിക്കുന്നു. ദൂരദർശനിൽ ഇതേ പേരിൽ ,സാഹിത്യകൃതികളെപ്പറ്റി ചർച്ച ചെയ്യുന്ന ഒരു പരിപാടി തുടങ്ങിയത് എൻ്റെ പംക്തിയുടെ വിജയത്തെ സൂചിപ്പിക്കുന്നു.ഇപ്പോൾ പത്രങ്ങളിൽ അക്ഷരജാലകം എന്ന പേരിൽ പംക്തി എഴുതുന്നവരുണ്ട് .അക്ഷരജാലകം സാഹിത്യപംക്തികളിലെ ഒരു ബ്രാൻഡായി മാറിയതിന്റെ വിജയമാണിത്. 

ചോദ്യം: എങ്ങനെയാണ് താങ്കൾ ഈ കാൽ നൂറ്റാണ്ടിൻ്റെ വിജയം നേടിയത്?

എം.കെ.ഹരികുമാർ :വായനക്കാരോട് സത്യം പറയുകയാണ് ഞാൻ ചെയ്തത്. ആരുടെയും പരസ്യം ഞാൻ ഏറ്റെടുത്തില്ല. ചിന്തിക്കുന്നത് എങ്ങനെയെന്ന് മനസ്സിലാക്കി കഴിഞ്ഞാൽ ആരുടെയും സ്വാധീനമില്ലാതെ നീങ്ങാനാവും. സത്യം നമ്മെ സ്വതന്ത്രമാക്കും.ഞാൻ സ്വാതന്ത്ര്യത്തെയാണ് അറിയാൻ  ശ്രമിച്ചത്.ഒരു എഴുത്തുകാരൻ്റെ ജീവിതത്തിൽ സ്വതന്ത്രനാവുന്നതിനാണ് മൂല്യം. ഇതിനു വലിയ പ്രയത്നം ആവശ്യമാണ്. എൻ്റെ വായനയുടെ ഫലമായുണ്ടായ സ്വാതന്ത്ര്യമാണിത്. ഈ ചിന്തകൾ വായനക്കാരുമായി പങ്കുവച്ചപ്പോൾ അവർ സ്വീകരിച്ചു.അവർ ഓരോ ആഴ്ചയിലും കാത്തിരുന്നു വായിച്ചു.

ചോദ്യം: താങ്കൾ സത്യം പറയുമ്പോൾ അത് പലർക്കും പ്രയാസമുണ്ടാക്കില്ലേ ?

എം.കെ.ഹരികുമാർ: എനിക്ക് വ്യക്തിപരമായ വിദ്വേഷമില്ലല്ലോ. ഞാൻ നേരിട്ട് കാണുകയോ സംസാരിക്കുകയോ ചെയ്യാത്ത എഴുത്തുകാരെയും വിമർശിച്ചിട്ടുണ്ട്. അതിൽ ആശയപരവും സൗന്ദര്യശാസ്ത്രപരവുമായ വിയോജിപ്പുകളേയുള്ളു.വിമർശനം ഇല്ലാതായാൽ സമൂഹം ചീഞ്ഞുനാറും. എല്ലാത്തിനെയും പ്രോത്സാഹിപ്പിക്കുന്ന ഒരു സമൂഹത്തിന് ഉന്നതമായ സംശയങ്ങളും സത്യത്തെക്കുറിച്ചുള്ള അന്വേഷണങ്ങളും ഉണ്ടായിരിക്കില്ല.

ചോദ്യം: ‘അക്ഷരജാലകം’ ഏതെല്ലാം ഇടങ്ങളിലൂടെയാണ് പ്രസിദ്ധീകരിക്കപ്പെട്ടത്?

എം.കെ.ഹരികുമാർ: 1998 ഫെബ്രുവരിയിൽ കേരളകൗമുദിയുടെ  കൊച്ചി എഡിഷനിലാണ് ‘അക്ഷരജാലകം’ ആദ്യം പ്രസിദ്ധീകരിച്ചത്. പിന്നെ, അധികം താമസിയാതെ അത് പത്രത്തിൻ്റെ എഡിറ്റോറിയൽ പേജിലേക്ക് മാറ്റി. ഇപ്പോൾ ‘മെട്രോവാർത്ത’യിലാണ് പ്രസിദ്ധീകരിക്കുന്നത്. കലാകൗമുദിയിൽ എട്ടു വർഷം എഴുതി. പിന്നീട് ‘പ്രസാധകൻ’ മാസികയിലും.

ചോദ്യം: എന്തുകൊണ്ടായിരിക്കും   താങ്കളെപ്പോലെ കാൽനൂറ്റാണ്ടിലേറെ കോളമെഴുതുന്ന മറ്റൊരാളെ കാണാനില്ലാത്തത്?

എം.കെ.ഹരികുമാർ: പംക്തി എഴുതുന്നത് വളരെ കഠിനമായ സപര്യയാണ്. എല്ലാ ആഴ്ചയിലും എഴുതണമല്ലോ. പുതിയ ചിന്തകളും ആശയങ്ങളും ഉണ്ടാകണം. സ്ഥിരമായി വായിക്കുന്ന ശീലമുള്ളവർക്കേ  ഇങ്ങനെ തുടർച്ചയായി എഴുതാനൊക്കൂ .സ്വന്തം കവിതയും കഥയുമല്ലാതെ മറ്റൊന്നും വായിക്കാത്തവരെയാണ് ഞാൻ കൂടുതലും കണ്ടിട്ടുള്ളത് .അവർക്ക് പംക്തിയെഴുതാനുള്ള മാനസിക വിശാലതയുണ്ടാവില്ല.സ്ഥിരമായി എഴുതാനുള്ള ഊർജ്ജം അത്യാവശ്യമാണ്, ഒരു കോളമെഴുത്തുകാരന് .ലോക നിലവാരത്തിലുള്ള നവീനമായ ആശയങ്ങളില്ലെങ്കിൽ കോളം ആരും ഗൗരവത്തിലെടുക്കില്ല. ആഴ്ചയിൽ ഒരു പുസ്തകം ,ഒരു ചിത്രം ,ഒരു സിനിമ ,ഒരു കവിത എന്നൊക്കെ പറഞ്ഞ് കോളമെഴുതുന്ന പൈങ്കിളിക്കാരെ കണ്ടിട്ടുണ്ട്. അവർക്ക് പോലും അത്തരം എഴുത്തുകൊണ്ട് പ്രയോജനമില്ല .നിരന്തരമായി ആശയങ്ങളുമായി ഏറ്റുമുട്ടാനും പുതിയ വീക്ഷണങ്ങളിലേക്ക് വളരാനും കഴിവുള്ളവർക്കേ കോളം എഴുത്ത് സാധ്യമാകൂ .

ചോദ്യം: ‘അക്ഷരജാലകം’ മലയാള സാഹിത്യത്തെ സ്വാധീനിച്ചത് എങ്ങനെയാണ് ?താങ്കൾ അത് വിലയിരുത്തിയിട്ടുണ്ടോ.?

എം.കെ.ഹരികുമാർ:അക്ഷരജാലകം ,വായനക്കാരുടെ പംക്തിയാണ്‌ .അവരാണ് അതിനെ നിലനിർത്തിയത്. എല്ലാ ആഴ്ചയിലും അക്ഷരജാലകം വായിച്ചിട്ട് എനിക്ക് സന്ദേശമയയ്ക്കുന്നവരുണ്ട്. കിട്ടിയില്ലെങ്കിൽ ചോദിച്ച് മേടിച്ച് വായിക്കും.ചിലർ വാട്സപ്പ് ഗ്രൂപ്പിലും ഫേസ്ബുക്കിലും എഴുതാറുണ്ട്. ഇങ്ങനെ നല്ല വായനക്കാർ കാത്തിരിക്കുന്നതു കൊണ്ട് ജാഗ്രത പാലിച്ചേ മതിയാകൂ.

ഏതെങ്കിലുമൊരു പുസ്തകം പരിചയപ്പെടുത്താൻ വേണ്ടി മാത്രം കോളം എഴുതിയിട്ടില്ല.അസംബന്ധങ്ങളും അർത്ഥശൂന്യതകളും നിറഞ്ഞ സാഹിത്യസംസ്കാരത്തെ എതിർക്കാൻ എന്നും ശ്രദ്ധിച്ചിട്ടുണ്ട്. 

ചോദ്യം:ഒരു കോളമെഴുത്തുകാരനെ വിജയിപ്പിക്കുന്നത് എന്താണ്?

എം.കെ.ഹരികുമാർ : നല്ല ഭാഷയും പുതിയ ചിന്തയുമാണ് പ്രധാന ഗുണങ്ങളായി വേണ്ടത്. ഭാഷയുണ്ടാകണമെങ്കിൽ ശരിയായ സാഹിത്യസംസ്കാരം അറിയണം. 

ചോദ്യം:അക്ഷരജാലകം വായനക്കാരുടെ ,സാഹിത്യ, സാംസ്കാരിക മണ്ഡലത്തിന്റെ ചിന്താധാരയിൽ പരിവർത്തനം വരുത്തിയതായി താങ്കൾ ചിന്തിക്കുന്നുണ്ടോ ? എന്താണത്?

എം.കെ.ഹരികുമാർ: ദീർഘകാലമായി, അന്ധമായി പിന്തുടരുന്ന പല സങ്കല്പങ്ങളും എൻ്റെ പംക്തിയിൽ ചോദ്യം ചെയ്യപ്പെട്ടു. അതിലൊന്ന് സ്വത്വം എന്ന ആശയത്തിനെതിരായ എൻ്റെ സമരമാണ്. സ്വത്വം എന്ന് പറഞ്ഞ് രക്ഷപ്പെടുന്ന കുറെ എഴുത്തുകാരെ ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ സ്വത്വം ഒരു Pre-modern  ആശയമാണ്. ഇന്നത്തെ ലോകത്ത് എഴുത്തുകാരനായാലും സാധാരണ വ്യക്തിയായാലും സാഹചര്യങ്ങൾക്കനുസരിച്ച് മാറുകയാണ് ചെയ്യുന്നത്. വേഗതയേറിയ പുതിയ ജീവിതത്തിൽ പരമ്പരാഗതമായ സങ്കല്പങ്ങൾ കലഹരണപ്പെടുകയാണ്. ഫ്രഞ്ച് തത്ത്വചിന്തകനായ പോൾ വിറിലിയോ പറഞ്ഞതുപോലെ സമാധാനത്തിലായിരിക്കുന്നതിനും ഇന്ന്  വേഗത വേണം .വേഗത ഒരു പുതിയ മാനമാണ്. പ്രണയിക്കുന്നതും വേർപിരിയുന്നതും അമിതവേഗത്തിലായിട്ടുണ്ടെങ്കിൽ അത് പുതിയ കാലത്തിന്റെ പ്രത്യേകതയാണ്. പ്രേം നസീർ സിനിമകളിലും ചങ്ങമ്പുഴയുടെ കവിതകളിലും കണ്ട പ്രണയം ഇന്ന് ആർക്കും മനസിലാവുകയില്ല. 

മറ്റൊന്ന്, സംസ്കാരം എന്ന ആശയമാണ്. കലയും പൈതൃകവുമല്ല  സംസ്കാരത്തിന്റെ അളവുകോലുകളെന്ന് ഈ കോളത്തിൽ എഴുതി. 

ഇത് കോളത്തിലൂടെ സ്ഥാപിച്ചെടുത്തു. ഒരു വ്യക്തി പണം കൊടുത്ത് വാങ്ങുന്ന വസ്തു സംസ്കാരത്തെ നിർണയിക്കുന്നു.വലിയ മാളുകളിലെ ഫുഡ് കോർട്ടിൽ പോയി ഭക്ഷണം കഴിക്കുന്നത്, വലിയ കാറുകളിൽ സഞ്ചരിക്കുന്നത്, വലിയ കെട്ടിടങ്ങളിൽ താമസിക്കുന്നത്… തുടങ്ങിയവ മനുഷ്യരുടെ സാംസ്കാരിക അടയാളങ്ങളായി മാറിയിരിക്കുന്നു .പാവപ്പെട്ടവർക്കും ഇതെല്ലാം അനിവാര്യമായിരിക്കുന്നു.ഇത് നേടിയില്ലെങ്കിൽ സംസ്കാരത്തിൻ്റെ ചന്തയിൽ ഇവർ പിന്തള്ളപ്പെടും.

ഉത്തരാധുനികത മരിച്ചു എന്ന് ഞാനാണ് ആദ്യം എഴുതിയത്. ഉത്തര- ഉത്തരാധുനികതയുടെ വരവ് അറിയിച്ചു കൊണ്ട് ‘അക്ഷരജാലക’ത്തിൽ ഞാൻ ധാരാളം എഴുതി. അലൻ കിർബി ,നിക്കോളെ ബോറിയ ,റയോൾ ഇഷെൽമാൻ തുടങ്ങിയവരെ ഞാൻ ഇൻ്റർവ്യു ചെയ്തതിൻ്റെ സംക്ഷിപ്ത വിവരം ‘അക്ഷരജാലക’ത്തിൽ അവതരിപ്പിച്ചിരുന്നു .പിന്നീട് ‘ഉത്തര- ഉത്തരാധുനികത’ എന്ന പുസ്തകവും പ്രസിദ്ധീകരിച്ചു. 

ചോദ്യം:’അക്ഷരജാലക’ത്തോട് മറ്റു എഴുത്തുകാർ എങ്ങനെയാണ് പ്രതികരിച്ചത് ?

എം.കെ.ഹരികുമാർ: സ്ഥാപിത താൽപര്യമില്ലാത്തവർ എൻ്റെ പംക്തിയെ എന്നും പിന്തുണച്ചിട്ടുണ്ട്. സംവിധായകൻ കെ.എസ്.സേതുമാധവൻ മിക്കവാറും വിളിക്കുമായിരുന്നു .അദ്ദേഹം ഇതിനെക്കുറിച്ച് കത്തെഴുതി പ്രസിദ്ധീകരിച്ചു. ‘അക്ഷരജാലക’ത്തിൻ്റെ രണ്ടു വാല്യങ്ങൾ ഇപ്പോൾ സുജിലി പബ്ളിക്കേഷൻസ് പ്രസിദ്ധീകരിച്ചു ,രണ്ടു വാല്യങ്ങളായിട്ട്.  ഒരു പുസ്തകത്തിൻ്റെ പിൻകവറിൽ  കെ.എസ്.സേതുമാധവൻ്റെ കത്ത് ചേർത്തിട്ടുണ്ട്. മറ്റേ പുസ്തകത്തിൻ്റെ പിൻകവറിൽ ചെമ്മനം ചാക്കോയുടെ കത്താണ് ചേർത്തിട്ടുള്ളത്. അദ്ദേഹം  ഈ കോളത്തിന്റെ വലിയ ആരാധകനായിരുന്നു. അദ്ദേഹം തന്നെ ഇത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം കത്ത് എഴുതി  കലാകൗമുദിയിൽ പ്രസിദ്ധപ്പെടുത്തുകയായിരുന്നു.  വേറെയും ധാരാളം എഴുത്തുകാർ ‘അക്ഷരജാലക’ത്തെ പ്രശംസിച്ചിട്ടുണ്ട്. 

ചോദ്യം: ഒരു കോളമിസ്റ്റിന് കലയോടുള്ള സമീപനം എന്താണ്? ദീർഘകാലയളവിൽ കോളമെഴുതുമ്പോൾ , ആവർത്തിക്കപ്പെടുന്ന ആശയങ്ങളും പരസ്പരവിരുദ്ധമായ ചിന്തകളും  ഉണ്ടാവില്ലേ ?

എം.കെ.ഹരികുമാർ: ഒരു കോളമിസ്റ്റിനു മാത്രമായി പ്രത്യേക സമീപനമില്ല. ഒരു കലാകാരനായതുകൊണ്ടാണ് ഞാൻ വിമർശനമെഴുതുന്നത്. എന്നിലെ കലാകാരനും തത്ത്വചിന്തകനും ചേർന്നാണ് എന്നെ വിമർശകനാക്കുന്നത്. അതുകൊണ്ട് വിമർശനാത്മകതയുടെ സ്വാതന്ത്ര്യത്തെ അറിയാൻ ഞാൻ സഞ്ചരിച്ചുകൊണ്ടിരിക്കും. ഒരു വിമർശകനായിരുന്നില്ലെങ്കിൽ കോളമെഴുതില്ലായിരുന്നു. ആ പംക്തിയെ മുന്നോട്ടു കൊണ്ടുപോകുന്നത് എൻ്റെ വിമർശനാത്മക ബുദ്ധിയാണ്.അതേസമയം പംക്തിയെ വിചാരാത്മകമാക്കുന്നത്, സൗന്ദര്യമുള്ളതാക്കുന്നത് എന്നിലെ  തത്ത്വചിന്താപരമായ ആലോചനകളാണ്.’ഒരു പൂച്ചയും ഒറിജിനലല്ല’ എന്ന പേരിൽ ഞാനൊരു  ലേഖനം എഴുതിയിരുന്നു .കലയോടുള്ള എൻ്റെ സമീപനം ഇതിലുണ്ട്. ഞാൻ ഒന്നിനെയും ഒറിജിനലായി കാണുന്നില്ല. കലാകാരൻ സൃഷ്ടിക്കുകയാണ്.  അതുകൊണ്ട് അത് പുതിയതാണ്; അല്ലെങ്കിൽ പുതിയതാകണം.ഒരു പൂച്ചയെ വരയ്ക്കുമ്പോൾ അത് ഒറിജിനലല്ലാതാകും. കലാകാരന്റെ പൂച്ചയാണ് അയാൾ വരയ്ക്കുന്നത്. യാതൊരു വസ്തുവും പ്രത്യക്ഷത്തിൽ പ്രതീതിയും പ്രതിഛായയുമാണ്. ഓരോ മനുഷ്യനും കാണുന്നത് വിഭിന്നമായാണ്. കാഴ്ചകൾ പലതാണ്. ഒരു വസ്തുവിനെ ആയിരം കണ്ണുകൾ നോക്കുന്നു. അതുകൊണ്ട് അതിനു വാസ്തവികതയില്ല. പലതരം പ്രതിഛായകളാണ് ഉണ്ടാകുന്നത്.

എഴുതുമ്പോൾ യഥാർത്ഥമായതിനെ നിഷേധിക്കുകയും മറ്റൊന്നിനെ സൃഷ്ടിക്കുകയുമാണ്. എൻ്റെ വീക്ഷണത്തിൽ, പ്രകൃതിയിലെ  കാഴ്ചകൾ -മേഘങ്ങൾ ,നദികൾ, സമുദ്രങ്ങൾ, വൃക്ഷങ്ങൾ, ആകാശം, പക്ഷികൾ ,പ്രാണികൾ ,മൃഗങ്ങൾ, സൂര്യോദയം ,അസ്തമയം ,രാത്രി  തുടങ്ങിയവയെല്ലാം സുന്ദരമാണ്. എന്നാൽ ആ സൗന്ദര്യവുമായി നമുക്ക് ബന്ധമില്ല. നമ്മുടെ നിലനിൽപ്പിനെ അത് ഒരു തരത്തിലും സംരക്ഷിക്കുന്നില്ല. പ്രകൃതിയിലുള്ള വസ്തുവിൽ സൗന്ദര്യം കാണുകയാണെങ്കിൽ, ചിലപ്പോൾ മറ്റൊരാൾ സൃഷ്ടിച്ചത് കണ്ടാൽ രസം തോന്നണമെന്നില്ല. എന്നാൽ കലാകാരൻ്റേത് ഒരു കലാപമാണ്. അയാൾ പ്രകൃതിയുടെ വസ്തുസൗന്ദര്യത്തിൻ്റെ പൂർണത, തന്നെ എങ്ങനെ ബാധിക്കുമെന്നാണ് പരിശോധിക്കുന്നത് .

കലാകാരന് പരാജയത്തെക്കുറിച്ച് നല്ല ബോധ്യമുണ്ട് .അയാൾ ഒരു പാർശ്വവീക്ഷണമാണ് തേടുന്നത്. അതിൽപോലും അയാൾക്ക് അനശ്വരമായ ആനന്ദം കണ്ടെത്താനാവുന്നില്ല. ഡാവിഞ്ചി തൻ്റെ ചിത്രങ്ങൾ പൂർണമായി വരച്ചു തീർത്തിരുന്നില്ല. എപ്പോഴും വരച്ചും മിനുക്കിയുമിരിക്കും. പള്ളി അധികാരികൾ വരയുടെ അവസാന ഘട്ടത്തിൽ ബലമായി ചിത്രങ്ങൾ എടുത്തുകൊണ്ടു പോവുകയായിരുന്നു പതിവ്.

വൈരുദ്ധ്യങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ചിന്തിക്കുന്തോറും പല ധാരണകളും മാറി വരും. പുതിയ അപ്ഡേറ്റുകൾ വേണം. വൈരുദ്ധ്യങ്ങൾ ഉണ്ടായാലെന്താണ് ? അത് ചിന്തയുടെ ലക്ഷണമാണ്. കലാകാരന് ഒരു കാര്യത്തിലും അന്തിമമായ തീരുമാനത്തിലെത്താനാവില്ല. 

Oplus_0

ചോദ്യം: ഇരുപത്തിയഞ്ച് വർഷമായി താങ്കൾ ‘അക്ഷരജാലകം’ എഴുതുന്നു.  ഓരോ ആഴ്ചയിലും പുതിയ പുതിയ ആശയങ്ങൾ അവതരിപ്പിക്കുന്നത് എങ്ങനെയാണ്?

എം.കെ.ഹരികുമാർ: എഴുതാനുള്ള ഒരു ത്വര എപ്പോഴുമുണ്ട്. എനിക്ക് അതിനുള്ള സമയം കിട്ടിയാൽ മതി. എൻ്റെ പ്രകൃതിയിൽ അതിനുള്ള ഇന്ധനമുണ്ട് .ആശയങ്ങൾ മനസ്സിൽ എപ്പോഴും ഉൽപാദിപ്പിക്കപ്പെട്ടുകൊണ്ടിരിക്കും. എന്തെങ്കിലും വായിച്ചാൽ അത് കുറേക്കൂടി തീവ്രമാകും. വായിക്കുന്നത് കടം കൊള്ളാറില്ല. എൻ്റെ ചിന്ത ലോക നിലവാരത്തിലുള്ളതാണെന്ന് വിനയത്തോടെ പറയട്ടെ. ഞാൻ മനസിൽ ആലോചിച്ച കാര്യങ്ങൾ ചില പാശ്ചാത്യ എഴുത്തുകാരുടെ കൃതികളിലും സംഭാഷണങ്ങളിലും കണ്ട് ഞെട്ടിയിട്ടുണ്ട്. എൻ്റെ ചിന്തയ്ക്ക് പര്യാപ്തമായത് എൻ്റെ മനസിൽ നിന്നു വരും. ‘നവാദ്വൈതം’ തുടങ്ങിയ ആശയങ്ങൾ അങ്ങനെ ഉണ്ടായതാണ്. പുതിയ ആശയങ്ങളില്ലെങ്കിൽ എന്തിനാണ് ഒരു കോളമെഴുതുന്നത് ? ഒരു കോളമിസ്റ്റിൽ നിന്ന് വായനക്കാർ പ്രതീക്ഷിക്കുന്നത് പുതിയൊരു ചിന്തയാണ് .നമ്മൾ എഴുതിക്കഴിയുമ്പോൾ അത് അവരുടെതായിരുന്നുവെന്ന് അവർക്ക് തോന്നണം. ഹൃദയത്തോട് ഹൃദയം സത്യം പറയണം. സത്യം നമ്മെ മോചിപ്പിക്കും.

ചോദ്യം: വായനക്കാരുടെ പ്രതികരണം എങ്ങനെയാണ്?

എം.കെ.ഹരികുമാർ: വായനക്കാർക്ക് എന്നോട് വലിയ സ്നേഹമാണ്. അതെനിക്ക് തിരിച്ചറിയാനായിട്ടുണ്ട്. ഞാനൊരിക്കൽ ബാംഗ്ലൂരിൽ ചെന്നപ്പോൾ അവിടെ എന്നെ കാണാൻ വന്ന ഒരു വായനക്കാരൻ ‘അക്ഷരജാലക’ത്തിൻ്റെ കുറെ പേജുകൾ കട്ട് ചെയ്ത് ഒരു ഫയലാക്കി കൊണ്ടുവന്നത് അത്ഭുതപ്പെടുത്തി. ഏതാനും മാസങ്ങൾക്ക് മുൻപ് ഒരു യുവാവ്, ഈ  പംക്തിയുടെ പേജുകൾ ബയൻ്റ് ചെയ്തതിൻ്റെ ഫോട്ടോ വാട്സപ്പിൽ അയച്ചുതന്നത് അതിശയിപ്പിച്ചു. ‘അക്ഷരജാലകം’ പ്രസിദ്ധീകരിച്ചു വരുന്നതിൻ്റെ തലേ ദിവസം ഫോൺ ചെയ്ത് എന്തൊക്കെയാണ് ‘അക്ഷരജാലക’ത്തിൽ എഴുതിയിരിക്കുന്നതെന്ന് തിരക്കിയ  കുറെ വായനക്കാരുണ്ട്.

ചോദ്യം:താങ്കളോട് ഈ പംക്തിയുടെ പേരിൽ മുഖ്യധാരയിലെ ചില എഴുത്തുകാർക്ക് അനിഷ്ടമുള്ളതായി  അറിയാമോ ?

എം.കെ.ഹരികുമാർ: തീർച്ചയായും ഇഷ്ടക്കേടുണ്ട് .അത് സ്വാഭാവികമാണ്. വലിയ രാഷ്ട്രീയ സാഹിത്യകാരന്മാരുടെ പക്ഷപാതവും പിന്തിരിപ്പൻ അവസരവാദങ്ങളും എല്ലാവർക്കും അറിയാമല്ലോ. അതുകൊണ്ട് സ്വന്തം ഗ്രൂപ്പ് ഉണ്ടാക്കി, ജനാധിപത്യബോധമോ, സഹിഷ്ണുതയോ ഇല്ലാതെ ,  പരസ്പരം പുകഴ്ത്തുന്ന അവരെ ഗൗരവത്തിലെടുക്കാൻ തോന്നുന്നില്ല.

ചോദ്യം:താങ്കളുടെ ജലഛായ , ശ്രീനാരായണായ ,വാൻഗോഗിന് എന്നീ  നോവലുകൾ വേണ്ടത്ര  വായിക്കപ്പെട്ടില്ലെന്ന് തോന്നിയോ?

എം.കെ.ഹരികുമാർ :വായന നിശ്ചിത കാലയളവിൽ പൂർത്തിയാക്കേണ്ടതല്ലല്ലോ. അത് നന്നായി വായിക്കപ്പെട്ടു. ‘ജലഛായ’ പലരും പിന്നീട് കോപ്പിയടിച്ചു. ഒരു സുഹൃത്ത് ഇതിൻ്റെ കണക്കെടുത്ത് കാണിച്ചതാണ്. നോവലിൻ്റെ കലയിൽ ,ഈ മലയാള സാഹിത്യത്തിൽ, എന്റെ നോവലുകൾ മഹത്തായ സംഭാവനയാണെന്ന് എത്രയോ പേർ പറഞ്ഞു! രൂപത്തിലും ഉള്ളടക്കത്തിലും ഇത്രയും പൊളിച്ചെഴുത്ത് സാധ്യമാക്കിയ വേറെ ഒരു കൃതി ചൂണ്ടിക്കാണിക്കാൻ മലയാളസാഹിത്യത്തിലില്ല. അത്ര നൂതനമാണ് എൻ്റെ രചനകൾ . അതുകൊണ്ട് ഈ കൃതികൾക്കെതിരെ ഗൂഢാലോചന ഉണ്ടാവും.

ചോദ്യം :നാല്പത്തിരണ്ടു വർഷമായി എഴുതി വരുന്ന താങ്കൾ സ്വന്തം പശ്ചാത്തലത്തിൽ എഴുത്തിനെ എങ്ങനെ കാണുന്നു ?

എം.കെ.ഹരികുമാർ : മുപ്പത്തിയാറ് പുസ്തകങ്ങളെഴുതി. സമാഹരിക്കാൻ എത്രയോ ലേഖനങ്ങളുണ്ട്. നമ്മൾ എഴുതി തുടങ്ങുമ്പോൾ സാഹസികരാവണം. മതിലുകൾ തകർക്കാനുള്ള ചിന്തയാണ് പ്രധാനം .ചിന്തയ്ക്ക് ക്ഷീണം ബാധിച്ചാൽ പിന്നീട് എഴുതുന്നത് വ്യർത്ഥമാണ്. തുടക്കത്തിൽ നമ്മെ എല്ലാവരും കൗതുകത്തോടെയാണ് കാണുന്നത്. എന്നാൽ ‘ആത്മായനങ്ങളുടെ ഖസാക്ക് ‘ പോലുള്ള കൃതികൾ എഴുതുമ്പോൾ പലരും അകലും. കാരണം, ഒരു ഗദ്യകലാകാരനെ ഉൾക്കൊള്ളാനുള്ള സർഗബലം മിക്കവർക്കുമില്ല. ഇവിടെ സ്വന്തമായി ഒരു ആസ്വാദനം ,വിധി തീർപ്പ് സാധ്യമാകുന്നത് വളരെ കുറച്ചു പേർക്ക് മാത്രമാണ്. വല്ലവരും പറയുന്നത് കേട്ട് സാഹിത്യം വായിക്കുന്നവരാണ് ഭൂരിപക്ഷവും .നമ്മൾ ശക്തമായി എഴുതുമ്പോൾ ,ആ യാത്രയിൽ പല മതിലുകൾ ഇടിഞ്ഞു വീഴും .അപ്പോൾ നമ്മെ സ്നേഹിക്കുന്നവർ കുറയും.യാഥാസ്ഥിതിക എഴുത്തുകാർ നിശ്ശബ്ദമായി നമ്മെ നശിപ്പിക്കാൻ നോക്കും. അവർ ഭീരുത്വത്തിൻ്റെ ഫലമായ കുശുമ്പിലേക്ക് കടക്കും. നമ്മുടെ ഒരു കൃതിയെങ്കിലും, വല്ലപ്പോഴും പ്രകാശിതമാകുമ്പോൾ പോലും അവർ അസ്വസ്ഥരാകും. അവരുടെ ഭീരുത്വം പരിധിയില്ലാതെ വളരും. ഞാൻ ഗദ്യത്തിൻ്റെ കലയിൽ പരീക്ഷണം നടത്തുന്നത് ചിലരെ വിറളി പിടിപ്പിച്ചേക്കാം.’ആനന്ദത്തിന്റെ എഞ്ചിനീയറിങ്ങ്,”വാക്കുകൾ കടന്നു ചെല്ലാത്ത ഇടങ്ങൾ’ തുടങ്ങിയ തലവാചകങ്ങൾ കൊണ്ട് ഞാൻ ഭീരുക്കളെ ഒന്നുകൂടെ അസ്വസ്ഥരാക്കും .

ചോദ്യം: മലയാളത്തിൽ ഉത്തര- ഉത്തരാധുനികതയെക്കുറിച്ച് ആദ്യമായി എഴുതിയത് താങ്കളാണല്ലോ ?

എം.കെ.ഹരികുമാർ: ഞാൽ 2012 ൽ  ‘ഉത്തര -ഉത്തരാധുനികത’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. എന്നാൽ അതിനു മുന്നേ തന്നെ ‘അക്ഷരജാലക’ത്തിലൂടെ ഉത്തരാധുനികതയുടെ മരണത്തെ  ചൂണ്ടിക്കാണിച്ചിരുന്നു. 

ചോദ്യം: ഉത്തരാധുനികത മരിച്ചിട്ട് കാൽ നൂറ്റാണ്ട് കഴിഞ്ഞല്ലോ ?എന്നിട്ടും  ചില യൂണിവേഴ്സിറ്റികളിലും കോളജുകളിലും ഇപ്പോഴും ഉത്തരാധുനികതയെക്കുറിച്ച് ദിവസങ്ങൾ നീളുന്ന സെമിനാറുകൾ നടത്തുകയാണ് .

എം.കെ. ഹരികുമാർ:നമ്മുടെ അക്കാദമിക് രംഗം വല്ലാതെ വരണ്ടു പോയിരിക്കുകയാണ്. നല്ല ഗദ്യമെഴുതുന്ന ഒരാൾ പോലും ഇപ്പോൾ കലാശാലകളിലില്ല.ഗദ്യത്തെ കലാരൂപം എന്ന നിലയിൽ അറിയുന്നവർ ആ മേഖലയിലില്ല .അവർ ഗവേഷണം ചെയ്യുന്ന ഉത്തരാധുനിക വിഷയങ്ങളിൽ തന്നെ കുരുങ്ങിക്കിടക്കുകയാണ്. അവർക്ക് ദേശകാല പഠനങ്ങളല്ലാതെ വേറെ ഒന്നും ചെയ്യാനില്ല .