ഖസാക്കിന്റെ മണ്ണിൽ നിന്ന് പുരാതനമായ വിഗ്രഹങ്ങളും തച്ചുടക്കപ്പെട്ട ക്ഷേത്രങ്ങളും വീണ്ടും ജന്മം കൊള്ളുകയാണ്. അത് ജീവിതത്തിന്റെ നൈരന്തര്യത്തിന് ആവശ്യമായി വന്നു. ഭൂതകാലത്തിന്റെ ശിലകളും മൂലകങ്ങളും ആത്മാവിന്റെ മാർഗ്ഗത്തെ നിർണ്ണയിക്കുകയായിരുന്നു.വീഴ്‌ച്ചകളിൽ നിന്ന് വർത്തമാനത്തിന്റെ ഗതി രൂപപ്പെടുത്തേണ്ടതുണ്ടായിരുന്നു. അതിനായി അവർ പ്രാകൃതമായ അനുഷ്ഠാനങ്ങളുടേയും വിശ്വാസങ്ങളുടേയും പ്രസാദം നിറഞ്ഞ കൊട്ടാരങ്ങളിലേക്ക് യാത്രയായി. കുട്ടാടൻ പൂശാരിയേയും ലക്ഷ്മിയേയും ഗോപാലപ്പണിക്കരേയും കോർത്തുകൊണ്ട് വിജയൻ നെയ്യുന്ന കത്തുന്ന ജീവിതമാല ആത്മാവിന്റെ തൃഷ്ണകളിൽ നിന്ന് പ്രാർത്ഥനയുടെ ശിഖരങ്ങളിലേക്ക് ഭ്രാന്തമായി കുതിക്കുന്ന സ്മൃതിയാണ് കൊണ്ടുവരുന്നത്. മനസ്സിന്റെ വ്രണിതമൗനം ഭേദിച്ചുയരുന്ന രതിയും ബാഹ്യാവസ്ഥയുടെ കരുണാരഹിതമായ ഖരാവസ്ഥയും ചേർന്ന് നിഷ്‌പ്രഭമാക്കുന്ന ഐഹികതയെ വിജയൻ ബോദ്ധ്യപ്പെടുത്തുന്നുണ്ട്. പ്രാർത്ഥനയുടേയും, ആചാരങ്ങളുടേയും പുക കെട്ടിയ അന്തരീക്ഷത്തിലും കുട്ടാടന്റെ ഉള്ളിൽ ലക്ഷ്മിയുടെ ഗതകാലം പൂത്തുതിണർത്തു നിൽക്കുന്നു. സത്യത്തിൽ ജീവിതം നൽകിയ ഭ്രാന്തിൽ നിന്ന് ധർമ്മാനുഷ്‌ഠാനങ്ങളുടെ വയൽവരമ്പിലൂടെ യാത്ര ചെയ്യുകയാണ് കുട്ടാടൻ. എന്നാൽ കുട്ടാടനോ , ലക്ഷ്മിയോ ഗോപലപ്പണിക്കരോ ദൈവത്തിന്റെ ചേതഃശ്രുതികളിലെത്തുന്നില്ല. അവരുടെ വർത്തമാനത്തിന്റെ മറവിന് ദൈവം അത്ര പ്രിയപ്പെട്ട മിഥ്യയല്ലായിരുന്നു. ദൈവത്തിന്റെ കോവിലിൽ അവരെ ധ്യാനമൂകരാക്കിയത് ഗതകാലത്തിന്റെ ഇച്ഛാഭംഗങ്ങളും കത്തിയമർന്ന തൃഷ്‌ണകളുമായിരുന്നു.
അധോവ്യഗ്രതയുടെ പീഠഭൂമികളിൽ നിന്ന് പ്രാർത്ഥനയുടെ ഏകാഗ്രങ്ങളിലേക്കുള്ള ജിജ്ഞാസയാണ്. ഖസാക്കിന്റെ ആതുരമായ നിമിഷങ്ങളെ അറിയുമ്പോൾ ഇത് ബോധ്യമാകുന്നുണ്ട്. ഇവിടെ നേരിൽ നിന്നും മിഥ്യയിൽ നിന്നും അകലുന്ന മനസ്സിന്റെ പ്രാർത്ഥനകൾ ദൈവത്തിന്റെ സ്വകാര്യതയാവുന്നു. ദൈവവുമായി ഒരുമിക്കുന്ന നിമിഷത്തിലൂടേ നഷ്‌ടമായ ഗതകാലത്തിന്റെ ഹരിതകങ്ങളെ തഴുകാനിടവന്നു. ഈ വിശ്വാസങ്ങളെല്ലാം ഖസാക്കിന്റെ തലത്തിൽ വിലോലതകളാണ്. ശിശുവിന്റെ നിഷ്‌ക്കളങ്കത പോലെ ആർദ്രമാണിവിടെ വിശ്വാസം.അതിനു പിന്നിൽ വ്യസനങ്ങളുടെ അള്ളിപ്പിടിക്കുന്ന തീയുണ്ട്.ഏകാഗ്രതയുടെ ഓരോ അടരിലും മറഞ്ഞുപോയ കിനാവുകളുടെ തുരുമ്പുകൾ പറ്റിയിരിപ്പുണ്ട്. വർത്തമാനം പരിത്യക്തയുടെ ആണിമുനകളിൽ വിശ്രമിക്കുകയാണ്. ഈ വിശ്വാസങ്ങളുടേ ഭാണ്ഡത്തിൽ ദൈവവും ഒരഭയാർത്ഥിയാണ്. അവളുടെ സാഹോദര്യമാണ് രവിയെ അങ്ങോട്ടടുപ്പിക്കുന്നത്. പൊരുളുകളുടെ മിഥ്യകളും യാഥാർത്ഥ്യങ്ങളും അനന്തത കളും നൽകിയ ഭർത്‌സനങ്ങൾ രവിയെ മുക്തിയുടെ മന്ത്രങ്ങൾ പഠിപ്പിക്കുകയായിരുന്നു. അതൊരു തൃഷ്‌ണയുടെ വെളിമ്പുറങ്ങളിൽ മയങ്ങിയ ശാന്തതയായിരുന്നു.
മണ്ണ് കർഷകനെ പുണരുമ്പോൾ കർഷകൻ മണ്ണിന്റെ നിറങ്ങളിലേക്ക് ചെല്ലുന്നു. സൂര്യൻ കർഷകനേയും വയലിനേയും തഴുകിയുറക്കുന്നു. കർഷകനും വയലും ചേർന്ന് സൂര്യനെ ആത്മഗീതം വായിച്ചു കേൾപ്പിക്കുന്നു. രവി, ഈ താളബോധത്തിൽ നിന്നാണ് പതിച്ചത്. ദേവിയുടെ മുമ്പിലെത്തിമ്പോൾ ദേവിയും തന്നെപ്പോലെ ഒരഭയാർത്ഥിയാണെന്നറിയുന്ന ഏകാകിയുടെ ശ്രദ്ധ താളഭംഗങ്ങളില്‍ നിന്നുൽഭവിച്ചതാണ്. ദൈവത്തിന്റെ മിഥ്യപോലും ശാന്തിക്ക് മരുന്നാകാത്ത ഐഹികതയുടെ ബീജം ഖസാക്കിൽ വീണുകിടക്കുന്നു. അതിൽ താളവും താളഭംഗവും ഏകാഗ്രതയുടെ വിശാലമായ ശരീരത്തിൽ ശ്വസിച്ചു കഴിയുകയാണ്.
നീറിപ്പിടിക്കുന്ന ആദ്ധ്യാത്മിക വീഴ്‌ച്ചകൾ നരന്റെ ശാപഗ്രസ്തമായ വർത്തമാനമായി നിൽക്കുന്നു. പിന്നെ സം വത്സരങ്ങളുടെ സംയമനത്തിലൂടെ ആത്മായനങ്ങളുടെ ഋതു. പഥികന്റെ നീരാഴങ്ങളുടേ തെളിമ. കറുത്ത പുഷ്പ്പങ്ങളുടെപരാഗണങ്ങൾ. മഥനങ്ങളുടെ ഇഴനിഴലുകളിലൂടെ പ്രാണന്റെ ഭാരവുമായി ഖസാക്കിന്റെ ശരീരത്തിലേക്ക് ഒരു യാത്ര. ഖസാക്കിൽ സ്പന്ദിക്കുന്ന ജൈവലോകത്തിന്റേയും പദാർത്ഥലോകത്തിന്റേയും ആത്മാവ്. വിശ്വാസവും കർമ്മവും ചേർന്ന വൃക്ഷാഗ്രങ്ങളുടെ ലൗകികാവസ്ഥ ഒരുക്കുന്നതിലൂടെ തെളിഞ്ഞെത്തുന്ന അപൂർവ്വമായ ആത്മബോധങ്ങൾ. പ്രവർത്തനത്തിന്റെ ശബ്ദഘോഷങ്ങളിൽ നിന്ന് ദുഃഖവിമുക്തി നേടിയവരുടെ പലായനങ്ങൾ. വിശ്വാസങ്ങളാകുന്ന പ്രാർത്ഥനകളും നിഷ്ഠകളകന്ന രതിതൃഷ്ണകളും ഈണമിടുന്ന ശരീരവും മനസ്സും .
ഖസാക്കിന്റെ പ്രജ്ഞാപരമായ വിചാരങ്ങൾ മനുഷ്യരിലൂടേയും വസ്തുക്കളിലൂടേയും പരിണമിക്കുകയാണ്. കേഴുന്ന ,ആലോചനകളിലകപ്പെട്ടുപോയ പ്രകൃതിയെ വേർതിരിച്ചറിയാൻ വയ്യാത്ത ദുരൂഹത. അത് വിശ്വാസത്തിന്റെ ദുഃഖമായിത്തീരുകയാണ്. സ്വയമറിയാതെ പേറുന്ന സത്യബോധങ്ങളുടേ പ്രവർത്തനോൻമുഖമായ മൂല്യങ്ങൾ. അത് വിഷാദാത്മകമായ മൂല്യങ്ങളായിത്തീരുകയാണ്. നിദ്രയുടെ ഏകാന്തതയിലേക്ക് പോകാൻ രവിയെ പ്രേരിപ്പിച്ചതു ഇതാണ്. ഖസാക്കിലെ ഗ്രാമീണരും കുട്ടാടൻ പൂശാരിയും ചേർന്നൊരുക്കുന്ന മാന്ത്രിക വിശ്വാസങ്ങളുടെ അനുഷ്ഠാനങ്ങളിലേക്ക് രവി ഏതോ നിലയിൽ കടന്നുചെല്ലാനാഗ്രഹിക്കുന്നു. രതിയിൽ നിന്ന് പൂജയിലേക്ക് ,പൂജയിൽ നിന്ന് വീണ്ടും രതിയിലേക്ക്, പിന്നെ വീണ്ടും- പ്രാർത്ഥനകളിലേക്ക്. അങ്ങനെ നീളുന്ന യാത്രയുടെ സ്വരം ഖസാക്കിനെ വിശ്വാസങ്ങളുടെ വൃക്ഷാഗ്രങ്ങളിലേക്കെത്തിക്കുന്നു. തോമസ് ഹാർഡി ധ്വനിപ്പിച്ചതുപോലെ വിശ്വാസത്തിനു വേണ്ടി മനസ്സുരുകുമ്പോൾ ഓരോരുത്തരും ദൈവികതയുടെ അസംസ്കൃത വസ്‌തുവാകുകയാണ്. മനുഷ്യരും വസ്തുക്കളും ഖസാക്കിൽ പുതിയ ജൈവസംയുക്തങ്ങളായിത്തീരുന്നുണ്ട്. അങ്ങനെ ഖസാക്ക് പ്രാണയാനങ്ങളുടെ വഴിത്തിരിവിൽ വെച്ച് ദൈവികതയുടെ അസംസ്കൃതവസ്തുവായി മാറുന്നു. പ്രപഞ്ചത്തെ സമാഹരിക്കുകയോ , ആത്മപക്ഷങ്ങൾക്കുവേണ്ടി പോരാടുകയോ ചെയ്യുന്നത് വിജയന്റെ വിശ്വാസസംബന്ധമായ വിഷമതകളോട് ചേർന്നു നിൽക്കുന്നില്ല. ഏകാകിയായിരിക്കുന്നതിനിടയിൽ , മനസ്സിനെ നയിക്കാൻ ഭൗതികലോകത്തില്‍ നിന്ന് എന്താണ് കാംക്ഷിക്കാനുള്ളതെന്ന അന്വേഷണമാണ് വിശ്വാസത്തിന്റെ പ്രവർത്തനങ്ങളിലെത്തിക്കുന്നത്.
ഖസാക്കിന്റെ പുരാതന വിശ്വാസങ്ങളുടെ ഉള്ളുറപ്പ് തുറന്നു കാണിക്കാനും കൂടിയാണ് ഈ സൃഷ്ടി. മൊല്ലാക്ക സമാന്തര യാനങ്ങളുടെ അകൃത്രിമ സന്ദേശങ്ങളിലൂടേ എല്ലാരിൽ നിന്നും അകന്നുപോകുന്നു. സ്നേഹത്തിന്റെ വ്രണം എന്നോ കണ്ടെത്തിയപ്പോൾ മനുഷ്യൻ പാപിയുടെ വിത്താണെന്ന് ബോദ്ധ്യപ്പെട്ടു. എന്നിട്ടും മൊല്ലാക്കക്ക് സ്നേഹത്തിന്റെ പ്രലോഭനത്തിൽ നിന്ന് രക്ഷപ്പെടാനാവില്ല. മാധവൻനായർ ജ്ഞേയമായ ഓർമ്മകളുടെ ഇടിഞ്ഞുപൊളിഞ്ഞ ചുമരുകൾ കാൺകെ ദുഃഖിതനാണ്. എങ്കിലും അജ്ഞേയമായ പൊരുളുകളുടെ തിരകൾക്കൊപ്പം സൗഹൃദങ്ങളിലൂടെ ജീവിക്കുകയാണ്. ഇതിലൂടെ ഖസാക്കിന്റെ പ്രകൃതാവസ്ഥകളുടെ പുരാവൃത്തം പ്രത്യക്ഷമാകുന്നുണ്ട്. നിരർത്ഥക ദുഃഖങ്ങളെന്ന് രവി ഓർക്കുന്നുണ്ടെങ്കിലും അതിൽ ഭൂതകാലത്തിന്റെ സ്നേഹസ്പർശങ്ങൾ മുറിവുകളായി വന്ന് എത്തിനോക്കുന്നു. അച്ഛൻ, അമ്മ,ചിറ്റമ്മ, പത്‌മ-അങ്ങനെ നീണ്ടുപോകുന്ന ബന്ധങ്ങളുടെയിഴയിൽ തന്റെ സ്പർശങ്ങൾ എന്തെല്ലാമായിരുന്നു? മിഥ്യകളിലൂടേ നടന്നലയുമ്പോഴും രവിയെ ശൂന്യതയുടെ ആഴം അളക്കാൻ നോവലിസ്റ്റ് നിയോഗിക്കുന്നില്ല. രവിയുടെ മനസ്സ് സ്നേഹങ്ങളും സ്നേഹശമനങ്ങളും നിറഞ്ഞ സമയ മുനയിലാണ് കുടികൊള്ളുന്നത് . അത് ആർദ്രമായ പ്രാണയാനമാണ്.
ജീവിതത്തോടുള്ള ആസക്തി , ഇവിടെ ജീവിതത്തിന്റെ അറിവിലേക്കുള്ള ആസക്തിയായിത്തീരുന്നെന്നു മാത്രം. അറിവിന്റെ അനുഭവം ,ദുഃഖങ്ങളും പാപങ്ങളും ഏൽപിച്ച് നരനെ അനാഥനാക്കുകയാണ്. എങ്കിലും രവിയിൽ പാപസ്മൃതിയുടെ സ്ഥായിയായ രാഗമില്ല. പാപത്തെക്കുറിച്ചുള്ള ഓർമ്മകൾ കടന്നുവരുകയേ ചെയ്യുന്നുള്ളു. അല്ലെങ്കിൽ ആസക്തിയുടെ പാപബോധവും രവിയിൽ ഒരുപോലെയാണ്. അന്തിമമായി ,ഈ ബോധാവസ്ഥ , ഖസാക്കിന്റെ കാലബോധത്തെ ഘനപ്പെടുത്തുന്നുണ്ട്.
