മനുഷ്യരോടും വസ്തുക്കളോടും സ്ഥലങ്ങളോടും ഇടപഴകുമ്പോൾ , അവ വാക്കുകൾക്കപ്പുറത്തൊരു വ്യഥ പകർന്നു തരുന്നു എന്ന് ബെർദ്യെവ്ന്റെ ഒരു പഠനത്തിൽ പറയുന്നുണ്ട്. മൃത്യുപോലെ ഭീകരവും അനിയന്ത്രിതവുമായ കാലസ്ഥലങ്ങളുടെ വ്യസനശൃംഖലകൾ മനുഷ്യന്റെ സരളതയെല്ലാം ഉൾക്കൊണ്ടാണ് കിടക്കുന്നത്. ഭീതി അവനെ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്. അത് പ്രവർത്തനത്തിലേക്കുള്ള ചില ജൈവബന്ധങ്ങൾ തുറന്നിടുന്നു. ലോകത്തിലായിരിക്കുമ്പോൾ അവന് ഗൃഹത്തിന്റെ തടാക സ്വച്ഛതകളിലേക്ക് മടങ്ങാനാവില്ലെന്ന് ഹൈദഗറും ഓർമ്മിപ്പിക്കുന്നുണ്ട്. ജൈവാരോഹണങ്ങളുടെ തോടുടയുമ്പോൾ ,പുതിയൊരു കോശത്തിലകപ്പെടുമ്പോൾ നരന്` വസ്തുസ്പർശനങ്ങളുടെ ബോധമുണ്ടാകുന്നു.
സ്വച്ഛവും വിലോലവുമായ എല്ലാ അടിയൊഴുക്കുകൾക്കും മുകളിൽ പ്രാർത്ഥനകൾ വന്നു നിരക്കുന്നതിങ്ങനെയാണ്. വസ്തുസ്പർശങ്ങളുടെ ബോധമുദിക്കുന്നതിന്റെ ദൃഷ്ടാന്തം പ്രവർത്തനത്തിന്റെ വേഗങ്ങളിലും വൈകാരിക സന്ധികളിലും വിരിഞ്ഞു നിൽക്കുന്നു. ഇച്ഛയുടെ വിളിയും ശാന്തമായ പോക്കും ബാഹ്യപ്രത്യക്ഷങ്ങളായി മാറുകയാണ്. കാലത്തേയും സ്ഥലത്തേയും ആത്മയാനങ്ങളുടെ ഇരുണ്ട പ്രവാസത്തിലൂടേ നയിക്കുകയും വചനങ്ങളുടെ സിരകളിൽ നിന്ന് വിട്ടുനിൽക്കുന്ന മൗനങ്ങളിലൂടെ ഭീതിയിലേക്കും ശാന്തതയി ലേക്കും വളർത്തുകയും ചെയ്തുകൊണ്ട് വിജയൻ പ്രവർത്തനത്തിന്റെ ബാഹ്യമായ ഇന്ദ്രിയങ്ങളിലേക്ക് കടന്നുചെല്ലുന്നു. മനസ്സിന്റെ ഇരുണ്ട പ്രവാസത്തിന്റേയും അഭയാന്വേഷണങ്ങളുടേയും ജൈവസംയുക്തങ്ങളെ പുറത്തെടുക്കുകയാണ്. പരിചിതരൂപങ്ങളുടെ അസാധാരണമായ ചെപ്പുകളിൽ ചോദനകളുടെ പുഷ്പ്പം വിരിയുന്നുണ്ട്. മോഹങ്ങളുടെ കവചങ്ങളിൽ നിന്ന് ഇറങ്ങിവന്ന് മനുഷ്യൻ ഖസാക്കിന്റെ രഹസ്യസ്ഥലങ്ങളിലൂടെ നടന്നു. ദൃശ്യങ്ങളുടെ പ്രപഞ്ചാതിര്ത്തിയിലെവിടെയോ ഉള്ള സ്വകാര്യതകളുടെ ദിവ്യമൂശ ഓരോരുത്തരെയും പ്രലോഭിപ്പിക്കുന്നതു നാമാറിയുന്നു.
കഥാപാത്രങ്ങളുടെ വിന്യാസം ശുദ്ധീകരണത്തിന്റെ മേഖലകളെയാണ് സൂചിപ്പിക്കുന്നത്.
ലോകത്തിന്റെ ജൈവബിന്ദുവായി നിലനിൽക്കവെ , തന്നിൽ മറ്റൊരു ജീവിതം തനതായ ശരീരവും മനസ്സുമായി പ്രവർത്തനങ്ങളിലേർപ്പെടുന്നത് കണ്ടറിഞ്ഞ ജേക്കബ് ബൊയ്മി ഓർമ്മയിൽ വരുന്നു. ബൊയ്മിയുടെ അന്തർഘടനയിൽ വിഷം വലിച്ചെടുത്ത്പുഷ്പിച്ച ഒരു ചെടിയുണ്ടായിരുന്നു. കാലത്തിന്റെ ഒഴുക്കിൽ ആ ചെടി മാഞ്ഞുപോകവെ , മനസ്സ് വെള്ളക്കുതിരയുടെ സമതലങ്ങൾ തിരിച്ചറിയുന്നു. ഉള്ളിലെ അരുതായ്കളെ ലോകത്തിന്റെ ഖരാവസ്ഥയിൽ ഉരച്ചുരച്ച്` ഇല്ലാതാക്കുകയാണ് ഇവിടെ. അതിൽ പിൻമാറ്റമില്ല. വിജയനും അധോരാഗത്തിന്റെ ഉത്തേജനങ്ങളിൽ മുഴുകി അതിന്റെ കറകളെല്ലാം കഴികിയെടുക്കാൻ ശ്രമിച്ചു. കഥാപാത്രങ്ങളുടെ സൃഷ്ടിയിലും ഉരസലുകളിലും അത്തരമൊരു വിമലീകരണം അടങ്ങിയിരിപ്പുണ്ട്. വിശ്വാസപരമായി തദ്ദേശവാസികൾ വ്യത്യസ്തരാണ്.
ഖസാക്കിലെ ബോധത്തിന്റെ ധമനികളായി പാറകളുണ്ട്. ഷെയ്ഖിന്റെ അസ്ഥികൾ വിശ്രമം കൊള്ളുന്ന പാറകൾ. അരയാലിലകളും കരിമ്പനകളും കാറ്റും നീലത്താമരകളും ഓരോ ശ്വസനങ്ങളുടെ ജൈവസ്മൃതികളാണ്`. രവിയേയും മൊല്ലാക്കയേയും പോലെ പാറക്കെട്ടുകളും കൃഷ്ണകാന്തികളും തങ്ങളുടേതായ ദിവ്യശരീരത്തിൽ വസിച്ചു. വെള്ളിമേഘങ്ങളും മലകളും ഓരോരോ ഉൾപ്രേരണകളുടെ അന്തർദ്ധാരകളായി വന്ന് ഖസാക്കിന്റെ മനസ്സിലും ശരീരത്തിലും കൂട്ടിരിക്കുന്നു. വസ്തുവിനും ധാരണക്കും അവയവങ്ങളും പരിണാമവും ഉണ്ടെന്ന് വിജയൻ വിശ്വസിക്കുന്നു. മനസ്സിന്റെ ലോകത്ത് ആരാണ് വ്യസനിക്കുകയും ജീവിക്കുകയും ചെയ്യാത്തത്! പരിചയങ്ങളുടെ മുനമ്പിൽ കണ്ടുമുട്ടുന്ന ഓരോന്നും സ്മൃതിയുടെ മുറ്റത്ത് ഏതോ ശിശുവിനെ ഉപേക്ഷിച്ചുപോകുന്നു. ഖസാക്കിനെ ഗ്രാമത്തിന്റെ അണിവ് നൽകി ഒരുക്കുമ്പോഴും അധോലോകത്തിന്റെ പൂന്തോട്ടവും ശരീരത്തിന്റെ ഖനിയും എന്ന അനുഭവത്തിലാണ് വിജയൻ പകർത്തിയിരിക്കുന്നത്. നോക്കിയാലും, നോക്കിയാലും കാണാത്ത ഖസാക്കിന്റെ അന്തരംഗത്തിന്റെ ഇന്ദ്രിയങ്ങളിൽ മനുഷ്യരും സൗഹൃദങ്ങളും ഓർമ്മകളും കുസൃതികളിലൂടെ പകരം വീട്ടിയും സ്നേഹിച്ചും കഴിഞ്ഞു.
വിടരുകയും കൊഴിയുകയും ചെയ്യുന്ന പ്രേരണകളെപ്പോലെ മനുഷ്യരും ഖസാക്കിലൂടെ മിന്നിമറഞ്ഞു് നടന്നു. വഴിയോരത്തു ചെല്ലുംപോൾ , ആറ്റുതീരത്തു ചെല്ലുമ്പോൾ ആരോടോ അവർ സംസാരിച്ചു പോകുന്നു. ഏകാന്തമായ അപസ്വരങ്ങളുടെ വർദ്ധിച്ച ഭാരവുമായി ഈ സന്ധ്യയിൽ നിൽക്കുകയാണ് ആബിദ ആരശുമരങ്ങൾക്കിടയിലൂടെ നടന്നപ്പോൾ തുമ്പിയാകുന്നതും ഷെയ്ഖിന്റെ കുതിരപ്പുറത്ത് സവാരി ചെയ്യുന്നതായി സ്വപ്നം കാണുന്നതും അവളുടെ വെറും ഓർമ്മത്തെറ്റുകളല്ല. ഖസാക്കിന്റെ ബോധത്തിലെ ഉൾപ്രേരണയുടെ ജൈവബിന്ദു കാലസ്ഥലങ്ങളിലൂടെ യാനം ചെയ്യുന്നതാണിത്.
പ്രാണികളും ജന്തുക്കളും മനുഷ്യരും വസ്തുക്കളും അധിവസിക്കുന്ന മനസ്സിന്റെ യാഥാർത്ഥ്യം അന്വേഷിക്കുമ്പോള് വിജയൻ പ്രകൃതിയുടെ അന്തരംഗത്തിൽ കുടിയേറിപ്പാർക്കുകയാണുണ്ടായത്. ഇരുട്ടിന്റെ അറകളിലേക്ക് പതിച്ചെങ്കിലും , ജഡത്തിലേക്ക് ബോധം എന്ന പോലെ ദൈവം എന്നിലേക്ക് നടന്നു വന്നുവെന്ന് അനുസ്മരിക്കുന്ന കഥാപാത്രം അരവിന്ദ ഘോഷിന്റെ നാടകത്തിലുണ്ട്. വസ്തുക്കളുടേയും പുരാണങ്ങളുടേയുമിടയിൽ നോവലിസ്റ്റ് മനസ്സിന്റെ ഭൂമിശാസ്ത്രം അറിയാൻ ശ്രമിക്കുകയാണ്. ആ അന്വേഷണത്തിൽ ഖസാക്ക് അലൗകികമായ സ്പർശനമായിട്ടനുഭവപ്പെടുന്നു. ഖസാക്കിൽ അന്തിമമായി എല്ലാം എത്തിച്ചേരുന്നത് നാം കാണുന്നു. കൃത്രിമമായി നിർമ്മിക്കപ്പെട്ട ബാഹ്യലോകമോ യാഥാർത്ഥ്യത്തിന്റെ ആയുസ്സ് നഷ്ടപ്പെട്ട കിനാവോ ഈ എഴുത്തുകാരനെ പ്രലോഭിപ്പിച്ചില്ല. എന്നാൽ അഴകു നിറഞ്ഞ ആദ്ധ്യാത്മിക ചിന്തകളുടെ മഥനങ്ങൾ കലയിലേക്ക് പരിഭാഷപ്പെടുത്താന് ശ്രമിച്ചു. മനുഷ്യൻ അധിവസിക്കുന്ന ലോകത്തിൽ മനുഷ്യനെ പ്രവര്ത്തനോന്മുഖമാക്കുന്ന ഉൾപ്രേരണകളുടേ സ്വകാര്യവും സ്വതന്ത്രവുമായ കർമ്മ പഥങ്ങൾ വിജയന്റെ ആലോചനകളുടെ സർഗ്ഗശാലയിൽ പുനരാവിഷ്ക്കരിക്കപ്പെടുകയാണ് ചെയ്തത്.പ്രജ്ഞയുടെ രഹസ്യസ്ഥലങ്ങളിലേക്കുള്ള യാത്ര അവിരാമമാണെന്നോർക്കുക. കാലത്തിന്റെ ധനുസ്സിൽ നനുത്ത വിയർപ്പുതുള്ളിയായി നിലനിൽക്കുമ്പോഴും ഓരോ ജീവകണവും പ്രപഞ്ചത്തിലെ ഉൾധാരകളുടെ സാന്നിദ്ധ്യം പ്രസരിപ്പിക്കുന്നു. സ്വന്തം അനുഭവങ്ങളിലൂടെ വ്യസനപൂർണ്ണമായ ഭൂതകാലത്തെ വീണ്ടെടുക്കാനുള്ള ഉദ്യമത്തിലാണ് വിജയൻ ഖസാക്കിന്റെ ഹൃദയത്തിലെത്തിച്ചേർന്നത്. ഒരു നിമിഷത്തിന്റെ പരിസരത്തിൽ ദുഃഖത്തിന്റെ എത്ര ധാതുക്കളുണ്ട്? അതിൽ ഗതകാലത്തിന്റെ എത്ര വർണ്ണങ്ങളുണ്ട്? മൃണ്മയമായവരുടെ എത്ര മുഖങ്ങൾ ഊഹിച്ചെടുക്കാനാവും? നിമിഷത്തിന്റെ ഹൃദയത്തിലേക്ക് ആധിയുമായി പര്യവേഷണത്തിനാണ് വിജയൻ ശ്രമിച്ചതു്.
അതിഗമനം ചെയ്യാനുമായി വിജയൻ തിരഞ്ഞെടുത്ത ദ്വീപാണ് ഖസാക്ക് എന്നറിയുമ്പോൾ മാത്രമാണ് വിചാരങ്ങളുടെ വിരുന്നിൽ നാം എത്തിപ്പെടുക.
ആബിദയുടെ ജീവിത രീതി തന്നെ ദുഃഖമായിത്തീരുകയാണ്.അല്ലെങ്കിൽ ജീവിതത്തിന്റെ ആചാരം ശാശ്വതീകരിക്കപ്പെട്ട
വ്യസനമായിത്തീരുകയാണ്. അറിയപ്പെടാത്ത ഇടവഴികളിലൂടെയുള്ള മനസ്സിന്റെ പ്രവാസം , സ്വപ്നങ്ങളുടെ നിലാവിൽ വിശ്രമത്തിന്റെ സ്പർശം , നിയന്ത്രണമറ്റ തൃഷ്ണകളുടെ കാൽപ്പാടുകൾ , നിയന്ത്രണങ്ങൾക്കപ്പുറത്തുനിന്നുള്ള മോചനങ്ങൾ….ഖസാക്കിലെ ജന്മങ്ങളുടെ അനുസ്യൂതമായ പ്രവാസം ഇരുളിന്റെ ചിറകുകളിൽ വിശ്രമിക്കുന്നു.
