അനാഥത്വത്തിന്റെ മർമ്മരങ്ങൾ -8
ഖസാക്കിലെ പ്രകൃതിയിലൂടെ അഴിഞ്ഞലിയുന്ന അനാഥത്വത്തിന്റെ ശിശിരം വിജയന്റെ നോവു പതിഞ്ഞ സ്മരണകളുടെ പ്രത്യക്ഷമായിത്തീരുന്നു. രാജാവിന്റെ പള്ളിയിലെ നിശ്ച്ചലത പോലും അവളെ വിലക്കിയെന്ന് വിജയൻ എഴുതുന്നു. നീലിയും ഖാലിയാരും സംസാരിക്കുമ്പോൾ വടവൃക്ഷം പോലെ വളർന്നു നിൽക്കുന്ന ഏകാകികതയിലേക്കാണ് വിജയൻ ശ്രദ്ധ തിരിക്കുന്നത്. ഖസാക്കിന്റെ പനയോലകളിൽ പോലും ഒറ്റപ്പെടലിന്റെ ഗീതമുണ്ട്. ഒറ്റപ്പെടലിന്റെ നീരാഴങ്ങളിൽ നിന്ന് പെറുക്കിയെടുത്ത വ ജ്രക്കല്ലുകളുടെ ഹിമകാന്തിയാണ് തന്റെ അനാഥത്വമെന്ന് വിജയന് അറിയാമായിരുന്നു. അപ്പുക്കിളിയും രവിയും അനാഥത്വത്തിന്റെ രണ്ട് അന്തർദ്ധാരകളെ വഹിക്കുന്നതു നാം കാണുന്നു.
വ്യസനങ്ങളാൽ പൂരിതമായ അപ്പുക്കിളിയുടെ അനാഥത്വത്തിൽ കരുണയും ദയയും ഇഴ ചേർക്കുന്നുണ്ട്. അമ്മയും അച്ഛനും ബന്ധങ്ങളും വാൽസല്യത്തിന്റെ ശരമുതിർക്കേണ്ട ബാല്യത്തിൽ നിന്ന് നിഷ്ക്കാസിതമായതിന്റെ സംസാരത്തെ അപ്പുക്കിളിയുടെ പ്രേരണകളിലൂടെ വിജയൻ വരച്ചിടുന്നു. അവനിലൂടെ ഭൂമിയുടെ അനന്തമായ ബാല്യനഷ്ടങ്ങളുടെ പറവകളെ നാം കണ്ടറിയുന്നു. തുമ്പി പിടിക്കുകയും അജ്ഞതയുടെ സാരള്യതയിൽ , അറിവിന്റെ രഥത്തിൽ സവാരി നടത്തുകയും ചെയ്യുന്ന ഏതോ ആദിമമായ ഉൾപ്രേരണകൾ ഇവിടെ സംഗതമാവുന്നുണ്ട്. വരാനിരിക്കുന്ന മുകുളങ്ങളേക്കാൾ വർത്തമാനത്തിന്റെ നിഗൂഢമായ ആന്ധ്യം ജൈവാവസ്ഥയെ മൂടുന്നു. അതിന്റെ അടഞ്ഞ ലൗകികതയിൽ സ്വച്ഛമായ നിയോഗത്തിന്റെ വിശദപാഠങ്ങൾ വായിക്കാനാകുന്നില്ലേ? ഏതോ മൗനത്തിന്റെ അടിയൊഴുക്കുകളിൽ മുട്ടിയുരുമ്മുന്നതുപോലെ , വിരഹസ്പർശങ്ങളില്ലാത്ത ആതുരതകൾ പ്രശാന്തമായ സംസാരത്തിന്റെ മണ്ണിൽ നിന്ന് ഉയരുന്നതും കാണാനാകുന്നില്ലേ? നിസ്സംഗതയുടെ പ്രസാദം ഇറ്റിറ്റുവീഴുന്ന വർത്തമാന സംവാദങ്ങളുടെ ജലാശയത്തിൽ അപ്പുക്കിളിയുടെ സ്മൃതി അന്തമില്ലാത്ത തിരകളെയാണ് ഓർമ്മിപ്പിക്കുന്നത്.
ആദിമദർശനങ്ങളിലേക്ക് സൗഹൃദത്തിന്റെ ഒരായിരം ചിറകുകളുമായി ഒരു കിളി പറന്നുവന്നിരിക്കുന്നു. പനന്തത്തകളുടെ ധനുസ്സുകൾ പറന്നകലുന്നതിനെ വിജയൻ ഓർമ്മിപ്പിക്കുന്നുണ്ട്. വിദൂരമായ , അജ്ഞേയമായ സ്നേഹാന്വേഷണങ്ങളിലേക്ക് , മുന്‍കരുതലുകൾക്കപ്പുറത്ത് ഇച്ഛയുടെ വാഹനം യാത്രയാവുകയാണ്. പ്രേമം, അതിന്റെ ഉൻമാദത്തിൽ ചരാചരങ്ങളുടെ നാസികകളഴിയുന്നു. കേൾക്കുക, പ്രാണന്റെ നിലവിളിയും പുഞ്ചിരിയും തിരിച്ചറിയാനാകുന്നില്ലല്ലോ. വന്നിട്ടുണ്ട്`, ശ്രവണേന്ദ്രിയങ്ങളുടെ കൂടാരങ്ങളിൽ ആളറിയാതെ ആയുസ്സുകൾ പിന്നിട്ട മഹർഷിയുടെ മനസ്സ്. ആ ശരീരത്തിൽ ഋഷി രക്തചുംബനങ്ങളുടെ നിലവറകളിലൂടെ , വഴിയമ്പലങ്ങളിൽ ചിതറിവീഴുന്ന ജ്വരവുമായി ഇതാ താണുപറക്കുന്നു. . കാക്കകൾ ചത്തുകിടക്കുന്ന ഏകാഗ്രതയുടെ ക്ഷേത്രങ്ങൾ , പുല്ലുകൾ വളർന്നുനിൽക്കുന്ന ദുഃഖത്തിന്റെ താഴ്‌വരകൾ , കാറ്റിലുലയുന്ന ഭൂതസ്മരണകൾ, ചോര ചിന്തിക്കൊണ്ട് തലകുത്തിമറിയുന്ന തൃഷ്ണകൾ , ഇരയെ ചുണ്ടിൽ കോർത്തുകൊണ്ട് ലോകത്തിനു മീതെ പറക്കുന്ന അന്തരംഗത്തിന്റെ ബുദ്ധൻ………………. അപ്പുക്കിളിയുടെ ജൈവബന്ധങ്ങൾ വത്സലചോദനകളുടെ അരുമയായ പ്രസാദങ്ങൾ ചോദിച്ചു വാങ്ങുന്നു. സംസാരത്തിന്റെ അനാഥമാകുന്ന തുരുത്തുകൾ , പരാതികളിൽ നിന്നൊഴിഞ്ഞ് ചിന്തകൾക്ക് വെള്ളമൊഴിക്കുക. പകലുകൾ വീണുടയുമ്പോൾ , വ്രണിതജ്വരങ്ങളുടെ ആവനാഴി ശൂന്യമാകുമ്പോൾ സ്നേഹവും, ദുഃഖവും, അനാഥത്വവും കൂടിക്കുഴഞ്ഞ് മഴപെയ്യുന്നത് കാണാം.
അനാഥത്വത്തിന്റെ മർമ്മരങ്ങളെക്കുറിച്ച് ഇലകളിൽ കാതു കൊടുത്തുകൊണ്ടാണ് വിജയൻ അന്വേഷിക്കുന്നത്. ഓർക്കാൻ ശ്രമിച്ചപ്പോൾ അത് അനേകം അന്തർദ്ധാരകളും സ്വകാര്യ ഈണങ്ങളും കൊണ്ട് നിറഞ്ഞതാണെന്ന് അറിഞ്ഞു. അപ്പുക്കിളിയുടെ സ്നേഹപരിസരത്തിൽ ഏകാകികതയുടെ വിത്തുകൾ കിടക്കുന്നു. അത് ഐഹികമായ ദുരാലോചനകളുടെ വ്യക്തമായ ചിത്രമൊരുക്കുന്നില്ല. എന്നാൽ രവിയുടെ അനാഥത്വത്തിൽ കാട്ടുപൂക്കളുടെ ഓർമ്മകളും അച്ഛനമ്മമാരുടെ വ്യഥിതപുരാവൃത്തങ്ങളും അജ്ഞാതമായ പോക്കുവരവുകളും നിറഞ്ഞ് നിൽക്കുകയാണ്. ബോധത്തിന്റെ അനൈഹികത ഇവിടെ സംഭൃതമായിട്ടുണ്ട്. ഓർമ്മകളിലെ ജലകണങ്ങൾ , ആസക്തിയുടെ വിഷാദവും വേർത്തിരിച്ചെടുക്കാൻ വയ്യാത്ത ഭൂതകാലത്തിന്റെ പ്രതലങ്ങൾ ഭക്തിയുടെ ദുഃഖവും പ്രാർത്ഥനയും സ്നേഹവും തഴച്ചു വളരുന്ന ജീവിതം. ….ദുഃഖത്തിന്റെ സ്ഥാവര ജംഗമ സാമഗ്രികളുടെ അന്തിമമായ താവളങ്ങൾ തേടിയുള്ള രവിയുടെ അലച്ചിലിന്റെ പ്രത്യക്ഷങ്ങൾ അനാവൃതമാകുന്നു. അവിടെ മുൾക്കാടുകളായിരുന്നുവെന്നും അതിൽ മുയലും കൂരനുമുണ്ടായിരുന്നുവെന്നും രവി ഓർക്കുന്നു. ആ ഓർമ്മയുടെ ഇതളുകൾക്കിടയിൽ ഐഹികഭൂമിയുടെ ധാതുക്കൾ ഉണ്ട്. സ്പർശനങ്ങളുടെ ധവള പ്രകാശത്തിൽ തന്റെ ഭൂതകാലത്തിന്റെ നനവാർന്ന സമതലങ്ങൾ കണ്മുമ്പിൽ വിടരുന്നു. മഞ്ഞപ്പുൽത്തട്ടുകളെ നോക്കി വ്യസനത്തിന്റെ വായ്‌ത്തലയിൽ ആഞ്ഞുപതിക്കുന്ന കിടപ്പറ. ചിറ്റമ്മയുടെ വിയർത്ത കവിളുകൾ. ദുരൂഹമായ ദുഃഖത്തിന്റെ ഊഷരവേളകൾ. ആകാശങ്ങളിലൂടെ അലയുന്ന കൂട്ടുകാരി.സ്നേഹവൃക്ഷം തോറും തളിർക്കുന്ന അമ്മ, സന്ധ്യകളിൽ മനസ്സിനെ കഴുകിവരിക്കുന്ന അച്ഛന്‍. മണലിൽ ഊർന്നു ചാടി എരിഞ്ഞുതീരുന്ന സന്ധ്യ. ചരപ്പാതകളിലൂടെ മനസ്സിന്റെ രക്തവും ചിന്തി കിതക്കുന്ന യാത്രകൾ .ആശ്രമത്തിലെ ജീവിതങ്ങൾ. ലോകത്തിന്റെ മുള്ളുകൾ വാരിയണിയുന്ന രോഗികൾ .രാത്രിയുടെ നിബിഡാസക്തിയിൽ കുതിർന്ന് വീഴുന്ന പ്രാക്തനസ്മരണകളുടെ അവശിഷ്ടങ്ങൾ രവിയെ വിഷാദത്തിന്റെ കയങ്ങളിലേക്കെറിയുന്നു. എല്ലാം ദുരൂഹമായ അരുതായ്‌കകളായി ശേഷിക്കുകയാണ്.ആത്മാവിന്റെ അനാഥപരിസരങ്ങളുടെ ഈ ഉൾപ്പിരിവുകൾ ഖസാക്കിന്റെ സാകല്യതയിൽ ലയിക്കുന്നു.
കിളികളുടെ മനസ്സുള്ളവർ ഭാഗ്യൻമാർ എന്ന് ലോർക്ക പാടുന്നു. വസ്തുവിന്റെ ലാവണ്യം പ്രപഞ്ചത്തിന്റെ പ്രതിദ്ധ്വനിയും ഘടനയും ഒരേ സമയും ചോദിച്ചു വാങ്ങുകയാണ്. അതിലുപരി മനുഷ്യരേയും വസ്ത്ക്കളേയും നിഷ്പ്രഭമാക്കിക്കൊണ്ട് ഖസാക്കിന്റെ ബോധത്തിന്റെ വിവിധ ഉൾപ്രേരണകളും സ്വപ്നശാലകളും തുറന്നിട്ടു തരുന്നു. മനസ്സ് കയറിപ്പോകുന്ന വഴികളും രാത്രിയിൽ വേട്ടക്കിറങ്ങുന്ന മൃഗങ്ങളും അറിവിന്റെ മേഖലയിൽ കാണപ്പെടുന്നു. രവിയുടെ സ്ഥാവര സ്വഭാവമുള്ള ദുഃഖത്തിന്റെ കാലത്തിൽ അനാഥത്വത്തിന്റെ നിലയ്ക്കാത്ത ധാര വർഷിച്ചുകൊണ്ട് കടന്നുപോകുകയാണ്. ഇങ്ങനെ അനാഥത്വത്തിന്റെ ഉൾചോദനകളെ ഖസാക്കിലൂടെ , അവതരിപ്പിച്ചപ്പോൾ പാത്രങ്ങളുടെ സ്വഭാവം വിജയന്റെ ഉന്നമായിരുന്നു. വീക്ഷണങ്ങളുടെ സാന്ദ്രീകരണത്തിനും സാക്ഷാത്‌കാരത്തിനും അത് ആവശ്യമായിത്തീർന്നുവെന്നു മാത്രം.
ദുഃഖത്തിന്റെ ശീതസുഖമുള്ളവയാണ് ആ സാന്ത്വനങ്ങൾ. ഓർത്തുനോക്കുക, ഗ്രാമീണരുടെ ലക്ഷ്‌യങ്ങളെക്കുറിച്ച് , ചോദ്യങ്ങളുടെ വിപുലമായ ശബ്ദങ്ങളും അനന്തമായ പ്രതിദ്ധ്വനികളും തനിക്കസഹ്യമായിരിക്കുന്നതായി രവി അറിയുന്നു. ഉത്തരങ്ങളുടേയും സ്നേഹശമനങ്ങളുടേയും ഋജുരേഖകൾ സമ്മേളിക്കുന്ന ഈ ഭൂമി, തന്റെ ജന്മസ്മൃതിയിൽ അഗ്നിയുടെ മണ്ണ് ശേഷിപ്പിക്കുകയാണ്. ജംഗമങ്ങളുടെ വിസ്മൃതികളിൽ ഈശ്വരന്റെ കണ്ണുകൾ കണ്ടെത്തു. അവിടെ അനാദിയായ തണുപ്പാണ്. ചിന്തകളുടെ ഉടലിൽ നിന്ന് മനസ്സിനെ മോചിപ്പിക്കു. അവിടെ ആശാരഹിതമായ മഥനങ്ങള്‍ ആണ്.എന്നാൽ സന്ധ്യയും നക്ഷത്രങ്ങളും അന്യോന്യം എത്ര അകലത്തിലാണ്.വേളകളുടെ ഉടലിൽ കാലം മുറിവേല്‍പ്പിക്കുമ്പോൾ സന്ധ്യയും നക്ഷത്രങ്ങളും രണ്ടു ധ്രുവങ്ങളിലേക്ക് അകന്നകന്നു പോകുന്നു. സ്മൃതിയുടെ അഗ്നിപ്രവാഹത്തിലൊരിടത്തു വെച്ച് , പണ്ടെങ്ങോ നഷ്ടപ്പെട്ടുപോയ ചെപ്പ് രവിക്കു തിരികെ തുറന്നുകിട്ടുന്നു.
വൃക്ഷച്ചോലകളുടെ ,നിഴലുകളുടെ, കിളിക്കൂടുകളുടെ , ഇളം വർത്തമാനങ്ങളുടെ ആ മധുരച്ചെപ്പ്. ഈശ്വരന്റെ പാദചലനങ്ങൾ എത്ര സൗമ്യമാണ്. വരുക, ശബ്ദങ്ങളുടെ കടലുകളിൽ നിന്ന് ചെത്തിപ്പൂക്കളുടെ ഭവനങ്ങളിലേക്ക് തിരിച്ചു വരിക. അനാഥചുറ്റുപാടുകളുടെ ഭൂതകാലത്തിൽ നിന്ന് വാർന്നു പൊയ്‌ക്കൊണ്ടിരിക്കുന്ന ദുഃഖം ഖസാക്കിന്റെ നിരതദ്രവ്യങ്ങളിൽ പരക്കുന്നു. മഷിപ്പടർപ്പുകളുടെ മുല്ല വള്ളികൾ, കരിമ്പനയുടെ കാടുകൾ വെട്ടിമാറ്റപ്പെട്ട തളിരുകൾ, മരുഭൂമികളിൽ മനസ്സ് പുഷ്പിക്കുന്നു. രവിക്കും, അപ്പുക്കിളിക്കും, മാധവൻ നായർക്കും ഭൗതിക സാഹചര്യങ്ങളുടേതായ അരുതായ്‌കകളുണ്ട്. എന്നാൽ അവരുടെ ലോകവീക്ഷണത്തിന്റെ സാന്നിദ്ധ്യമല്ല ഇവിടെ തൊട്ടറിയുന്നത്. ആത്മാവിന്റെ അരുതായ്മകളും ആസക്തികളും ചേർന്നുള്ള നിമിഷങ്ങള്‍ ഇവിടെ പുനർജ്ജനിക്കുന്നു. പ്രവർത്തനങ്ങളുടെ പിശകുകളിൽ നിന്ന് ഒരിക്കലും ഈ മനുഷ്യർക്ക് മോചനമില്ല. കർമ്മ മണ്ഡലങ്ങളിൽ അജ്ഞരായിരുന്നുകൊണ്ട് അപ്പുക്കിളിയെപ്പോലെ സാരള്യ്ത അനുഭവിക്കുമ്പോൾ ഇവർക്ക് ഓർമ്മതെറ്റുകൾ തലോടലാകുന്നില്ല. രവിയുടെ രോദനങ്ങൾ എല്ലാ അർത്ഥത്തിലും ആ മനസ്സിന്റെ വേഗങ്ങളെയാണ് കാണിച്ചു തരുന്നത് .
