പ്രാകൃത മനുഷ്യരുടെ കലയെക്കുറിച്ചു് ചിന്തിക്കുന്നതിനിടയിൽ പുരാണങ്ങളുടെ യാഥാർത്ഥ്യത്തിൽ തഴച്ച അവരുടെ ഉപബോധത്തിന്റെ സൗന്ദര്യാന്വേഷണങ്ങളെ ലിയൊണാര്‍ഡ് ആദം (leonard adam : primitive art) തൊട്ടറിയുന്നുണ്ട്. വംശസ്‌മരണകളുടേയും വിശ്വാസങ്ങളുടേയും ഈടുവെയ്‌പ്പിൽകൂടി നിർഗമിച്ച ആസക്തി ധാരകളെ സാക്ഷാത്‌കരിക്കാനായി തെരെഞ്ഞെടുത്ത പ്രരൂപങ്ങളുടേയും ദൃശ്യ്യലിപികളുടേയും വിന്യാസം ഇവിടെ പ്രധാനമാണ്. ആ മനുഷ്യരെ സ്പർശിച്ച് പറയുകയാണെങ്കിൽ , അഭിരാമമായ മോഹക്കാഴ്‌ച്ചയുടെ ചിരന്തനമായ പ്രാപ്‌തിക്കുവേണ്ടി നടത്തിയ പ്രാര്‍ത്ഥനയോളം വിശുദ്ധമായ ഒരന്തർസ്പർശനമായിരുന്നു കല. സൗന്ദര്യാന്വേഷണങ്ങളുടെ നിഗൂഢമായ ഇച്ഛകളും ഉന്നങ്ങളും സഫലമാകുന്നത് ഇരുളിലാണ്ട നൃത്തമണ്ഡപത്തിൽ തിരിച്ചറിയുന്ന ഇഷ്‌ട നർത്തകികളിലൂടെയാണ്. അരങ്ങ് ലഭിക്കാതെ പോയ ലാവണ്യ സന്ദർഭങ്ങൾ മനസ്സിൽ പുതിയൊരു പ്രതിബിംബം തേടിവന്നെത്തുമ്പോൾ സൃഷ്‌ടിയുടെ ഉൾവിളി രൂഢമാവുകയാണ്.
സൗന്ദര്യത്തിന്റെ ശാഠ്യം ആത്മാവിന്റെ വേദനാപൂർണ്ണമായ യാനത്തോളം കിനിഞ്ഞിറങ്ങുമ്പോഴാണ്. പ്രപഞ്ചത്തിൽ നിന്ന്തനിക്കൊരു വ്യവസ്‌ഥയുടെ തൂവൽ വേണമെന്ന ചിന്തയിൽ ഓരോ കലാകാരനും ആത്മപ്രവേശം നടത്തുന്നത് . നിർമ്മാണപരമായ എല്ലാ വ്യവസ്ഥയുടേയും പിന്നിൽ നിയമവിമുക്തമായ നൈതികസമ്പത്ത് അടങ്ങിയിരിപ്പുണ്ട്. കരകാണാതെ കരയിൽ യാത്ര ചെയ്യുന്ന തോണിക്കാരനെ ഇവിടെ ഓർക്കാം. യാത്രയുടെ ഓരോ വേളയിലും ആന്തരികമായ സാഫല്യങ്ങളില്ല. അജ്ഞാതമായ ഭാവിയുടെ ആ ദൃശ്യദർശനങ്ങൾ നിറഞ്ഞ ഐഹിക പ്രവർത്തനങ്ങളിൽ മുഴുകുമ്പോൾ അയാൾ തീർത്തും അനാഥനാണ്. തനിക്കു മാത്രം യോജിച്ച ഏതോ പ്രമാണത്തിന്റെ ഓരം പറ്റി ഭൂമിയുടെ സുഗന്ധ ദൃശ്യങ്ങൾ ചമയ്ക്കാനാണ് ആ സാഹസികൾ ശ്രമിക്കുന്നത്.
കലാകാരനും പ്രപഞ്ചത്തിന്റെ അന്തമറ്റ ചോദനകളിൽ ഒരു തോണിക്കാരനാണ്.ക്രമത്തിൽ ഇലകൾ കൊഴിഞ്ഞെത്തിയ പുഷ്‌പത്തെപ്പോലെ ഭൂമിയുടെ ശാഖയിൽ അയാൾ പുഷ്‌പിച്ചിരിക്കുകയാണ്. വെളിപ്പെടാത്ത നേരുകൾക്കുവേണ്ടി സ്വാസ്‌ഥ്യത്തിന്റെ അധോനേരുകൾ നിർമ്മിക്കുന്ന പ്രക്രിയയാണ് കലാകാരന്റേത്.
കലയുടെ രഹസ്യവും, കലാകാരന്റെ ഏകവചനവും ചേർന്ന് പ്രപഞ്ചത്തിനു സ്വാസ്ഥ്യം കണ്ടെത്തുന്നു. സത്യത്തിൽ പ്രപഞ്ചത്തിലെ പുറം തിരിഞ്ഞ നൈതിക ക്രമത്തെ കലാസൃഷ്‌ടിയിലൂടെ മനുഷ്യൻ തന്റേതാക്കി മാറ്റുകയാണിവിടെ .ഏകാന്തത നിറഞ്ഞ പ്രവർത്തനമാണെങ്കിലും സൃഷ്‌ടിയുടെ ഓരോ വേളയിലും ആത്മാവും പ്രപഞ്ചവും പരസ്‌പരം വസ്‌ത്രമണിയിക്കുകയും വിരുന്നു നൽകുകയും ചെയ്യുന്നു.
ജീവിക്കാനുള്ള തൃഷ്‌ണയിൽ നിന്നാണ് സ്വന്തം പ്രതിരൂപം തേടി മനുഷ്യൻ കലകളിലെത്തിച്ചേർന്നത്. എന്നാൽ സൗന്ദര്യത്തിന്റെ നോവ് സൃഷ്‌ടിക്കപ്പുറത്ത് ജീവിതത്തിന്റെ രൂപത്തിലും പ്രകടമാവുന്നുണ്ട്. സ്വയം ഏറ്റുവാങ്ങുന്ന അരുതായ്‌കകളുടെ അധോമുഖമായ പ്രയാണം ജീവിത രൂപമായി നിൽക്കുന്നു. ജീവിതം ഉൾവേദനകൾ പേറുമ്പോൾ മനുഷ്യന് പ്രവാചകനാവാതെ വയ്യ. ഭാവിയിലേക്കും മനുഷ്യരിലേക്കും അവന്റെ മിഴികൾ ആഴ്‌ന്നിറങ്ങുന്നു. അതൊരു ദുഃഖമായി വീഴുന്നു. എന്നാൽ അതേ സമയം ,ജീവിതത്തിൽ പ്രതിഫലിപ്പിക്കാൻ കഴിയാതെ വരുന്ന അധോബിംബം(profile) ബാഹ്യമായ സൃഷ്‌ടികളുടെ ശാലകളിലേക്ക് യാത്രയാകുന്നുണ്ട്. അങ്ങനെ കലാസൃഷ്‌ടിയുടെ വചസ്സ് തെളിയുന്നു. വാക്കുകളെയും നിറങ്ങളെയും പ്രപഞ്ചവസ്തുക്കളേയും ഉള്ളിൽ പേറിക്കൊണ്ട് നഷ്‌ടപ്പെട്ടുപോയ കണ്ണികൾ പെറുക്കിയെടുക്കാനും പ്രപഞ്ചത്തിന് ദൃശ്യമായ ഐഹിക ശൃംഖല മെനെഞ്ഞെടുക്കാനും കലാകാരൻ ശ്രമിക്കുന്നു. ദുഃഖം ഉച്ഛരിക്കാനാവാതെ പോയ ഏതോ ഗാഢസന്ധിയിൽ ടാഗോർ പാടുന്നുണ്ട് : അമ്മേ ,എന്റെ സങ്കടങ്ങളുടെ തുള്ളികൾ കൊണ്ട് , മുത്തുമാലയണിയാം എന്ന്. കലയും, സൗന്ദര്യവും ആത്മാവിന്റെ ഏകമുനയിൽ വിശ്വത്തിലെ സാരവത്തായ സമാധിയായിത്തീരുന്നു. അത് ഉള്ളിന്റെ വ്യതിരിക്തതകളെ കരുണ കൊണ്ട് പ്രസാദിപ്പിക്കുന്നു. സൗന്ദര്യം മനുഷ്യനെ ആദ്ധ്യാത്മികമായി വിനമ്രനും ആതുരനും ആക്കുന്നത് ഒരേ സമയത്താണ്. അതവന്റെ ജൈവസംയുക്തങ്ങളുടെ സാകല്യമായ പ്രമാണവും നിലവിളികളുമായിത്തീരുന്നു.
മൃത്യുവിന്റെ വാർത്ത കേൾക്കുക മാത്രമാണ് സുഖകരമായ അനുഭവം എന്നു പറയുന്ന മൊണ്ടെയ്‌ന്റെ സൗന്ദര്യബോധവും ഇവിടെയുണ്ട്. ഒരാളുടെ മരണസമയത്തുണ്ടായിരുന്ന മുഖസ്പർശങ്ങളും വാക്കുകളും ഉച്ഛാരണങ്ങളും തന്നെ സുരതത്തോളം എത്തിക്കുന്നതായി മൊണ്ടെയ്‌ൻ അറിയിക്കുന്നു. ഇവിടെ നേര് തീവ്രമായ ആഘാതവും ഉദ്ദീപനരക്ഷസ്സുമായിത്തീരുകയാണ്. വൃക്ഷത്തിൽ നിന്ന് നനഞ്ഞ ഇല , പൂക്കളിൽ നിന്ന് ജലകണം , ആകാശത്തിൽ നിന്ന് തിളങ്ങുന്ന രശ്‌മി -സൗന്ദര്യക്കാഴ്‌ച്ചയുടെ ധാതുക്കൾ മനസ്സിന്റെ മുറ്റത്ത് തന്നെയാണ്. ഇങ്ങനെ സൗന്ദര്യം ഹൃദയത്തിന്റെ ഏതോ അർദ്ധ സുഷുപ്‌തിയിൽ പ്രവചനാതീതമായ നീലിമ സൃഷ്‌ടിച്ചപ്പോഴാണ് ഒ.വി.വിജയൻ ഖസാക്ക് എഴുതിയത്.തന്റെ ഉൺമയുടെ എല്ലാ അവ്യക്‌തതകളും പ്രണയങ്ങളും ബോധത്തിന്റെ ഔന്നത്യത്തിൽ നിന്നുകൊണ്ട് വിജയൻ പകർത്തി.
അതിൽ യുക്തിയുടെ സരളമായ ആന്ധ്യം പുഷ്‌പിച്ചിട്ടുണ്ടായിരുന്നു. വിവേകത്തിന്റെ നിർമ്മലമായ ദാസ്യം ഉച്ചാരണം ശീലിക്കുന്നുണ്ടായിരുന്നു. മൺമറഞ്ഞുപോയ സന്ധ്യകളും ആത്മാക്കളും രാത്രിയുടെ ഏതോ മുഹൂർത്തത്തിൽ വന്ന് മനസ്സിനെ വിളിച്ചു. കൽപ്പവൃക്ഷത്തിന്റെ തൊണ്ടു കാണാനായി മനസ്സ് കൺമിഴിച്ചു.ആകാശത്തിന്റെ നിറച്ചാർത്തുകളിലെവിടേയോ കത്തിനിന്ന് മോഹാലസ്യവും നീലിമയും മനസ്സിൽ . ഭീതി പുരണ്ട സ്വപ്‌നങ്ങൾ , അവിടെ നിന്ന് ഇറങ്ങാനാവാതെ നിദ്രയുടെ സ്ഫോടനങ്ങളിലേക്കും തളർച്ചയുടെ ആന്തരരാഗമാലികകളിലേക്കും പറന്നുചെല്ലേണ്ടതിനെ കുറിച്ചോര്‍ത്തു . സൗന്ദര്യദർശനത്തിന്റെ പ്രാപഞ്ചിക വിതാനങ്ങളുരുകി തെളിച്ച വിജയന്റെ അധോലോകം ബഹുമുഖമായ കലാസന്ദർഭത്തിൽ കിളിർക്കാനിടയായതിങ്ങനെയാണ്.
അവിടെ നിന്ന് ശേഖരിക്കുന്ന നനവാർന്ന മണ്ണ്, പിന്നെ വിശ്രമ വേളകളിലാകെ ഉൻമേഷം പകരുന്നു. ഗതകാലത്തിന്റെ ശിരസ്സ് ശയിക്കുന്ന തടത്തിൽ നിന്നുള്ള കഥകളാണ് നരനെ ആതുര ഘട്ടത്തിൽ ആശ്വസിപ്പിക്കുന്നത്. സത്യത്തിൽ ചരിത്രസംഭവങ്ങളിൽ ആകൃഷ്‌ടരാകുന്നതും അതിൽനിന്നുള്ള പ്രലോഭനത്തിൽ മനുഷ്യന്റെ ചരിത്രം കുറിക്കാൻ പ്രേരണ ജനിക്കുന്നതും ഈ സാഹചര്യത്തിലാണ്. ചരിത്ര സന്ദർഭങ്ങളെ സ്പർശിച്ചുണരുന്ന കലാസൃഷ്‌ടികളും വൈയക്തികമായ ഉൾപീഡകളുടെ പ്രകടനങ്ങളായിതീരുന്നതിങ്ങനെയാണ്.
മലയാളത്തിൽ ചരിത്ര നോവലുകൾ സി.വി.യുടെ ചിന്തകൾ മുതലാണ് ആരംഭിക്കുന്നത്. ആ നോവലുകൾക്ക്` ചിത്തത്തിന്റെ വായ്‌ത്തലയിൽ വീണ വാക്കുകളുടെ രക്തപ്പാടുകളുണ്ടായിരുന്നു.എന്നാൽ മനുഷ്യ മനസ്സാക്ഷിയുടെ ക്രമവും അക്രമവും ചാലിച്ചുള്ള ധാരയിൽ , ആത്മാവിൽ നിന്നുള്ള വംശക്കുറിപ്പുകളിൽ ശേഷം വന്ന എഴുത്തുകാർ വിമുഖത കാണിച്ചു. ഉറൂബും ബഷീറും വ്യക്തിയുടെ തുരുത്തുകൾ കാണാനാണ് കൂടുതൽ ഇഷ്‌ടപ്പെട്ടത്. മഥിക്കുന്ന ഭൗതികവസ്തുക്കളും ലൗകികരഹസ്യങ്ങളും ഈ എഴുത്തുകാരെ ചില നേരങ്ങളിൽ വിഷമിപ്പിച്ചു. അതവരുടെ മനസ്സിന്റെ സഹജമായ സ്വഭാവനിഷ്‌ഠയോ ,വൈയക്തികമായൊരു നിർബന്ധമോ ആയിരുന്നു. നിമ്നോന്നതങ്ങളിലൂടെ സഞ്ചരിക്കാനുള്ള മനസ്സിന്റെ കഴിവിനെ അവർ പരീക്ഷിക്കുകയായിരുന്നു.എന്നാല്‍ അതിലും സജീവമായി ആത്മാവിന്‍റെ വ്യസനസന്നിഗ്‌ദ്ധമായ ദ്വീപുകളെ അടുത്തറിയാനും ഭൗതികലോകത്തോടുള്ള പ്രജ്ഞാപരമായൊരു കലാപത്തില്‍ കൂടുതല്‍ വികാരത്തോടെ പങ്കെടുക്കാനും ഉദ്യമിച്ചത് പുതിയ എഴുത്തുകാരാണ്. അവരുടെ നോവലുകളില്‍ ഹൃദയത്തിന്റെ നിഷ്‌ഠക്കൊത്ത് പ്രപഞ്ച വസ്തുതകള്‍ മാറി. ദൃഢമായ ഖരവസ്തുക്കള്‍ മഞ്ഞു പോലെ സ്നിഗ്‌ദ്ധമായി. ആര്‍ദ്ര ചുംബനങ്ങള്‍ നടക്കുകയും ദേഷ്യപ്പെടുകയും ചെയ്യുന്ന ലൗകിക ദുരന്തമായി . വൈകാരികമായ അവസ്ഥാഭേദം മനസ്സിന്‍റെ കപടവാദങ്ങളെ വേറൊരു വഴിക്കു നയിച്ചു. ഹൃദയത്തില്‍ സ്വന്തം വിഷമവൃത്തങ്ങള്‍ ചികഞ്ഞെടുക്കാന്‍ ശ്രമിച്ചപ്പോള്‍ വാക്കുകള്‍ക്കുണ്ടായ ഭാരം അവരെ പുതിയ കലയുടെ സൗന്ദര്യവേദനകളിലേക്ക് ആനയിച്ചു.
വാക്കുകൾക്ക് എത്ര നാളാണ് മനസ്സിൽ കഴിയാൻ നിയോഗമുള്ളത്! പദങ്ങളുടെ ആവനാഴിയിൽ തന്റെ ഉൺമ ഊറിതെളിയുന്നു. വിജയന്റെ സ്മൃതിതലങ്ങളിൽ സൃഷ്‌ടിയുടെ സൗന്ദര്യ വ്യസനങ്ങൾ പ്രത്യക്ഷമാകുന്നതിങ്ങനെയാണ്. മനസ്സിലേക്കുള്ള യാത്രയിൽ കാഴ്‌ചകൾക്കപ്പുറത്ത് പദങ്ങൾ നടന്നടുക്കുന്നു. ശരീരം അനുനിമിഷം പ്രവൃത്തികളിലേർപ്പെടുന്നതുപോലെ പദങ്ങളുടെ പാദരക്ഷകൾ ആത്മാവിന്റെ കൂട്ടിലേക്ക്` ആതുരതയോടെ യാത്ര ചെയ്യുന്നു. “ഖസാക്കിന്റെ ഇതിഹാസത്തിൽ” വിജയൻ പ്രവാസത്തിന്റെ നൊമ്പരമാവിഷ്‌ക്കരിക്കാനാണ് തുനിഞ്ഞത്. ഇനിയൊരിക്കലും വിളിച്ചുവരുത്താനാകാത്ത ദുഃഖഭാവങ്ങൾ കാതുകളിൽ ചിലമ്പൊച്ചയുണർത്തി മറയുന്നു. കാമുകന്റെ വക്ഷസ്സു തലോടി കന്യക അടുത്തുതന്നെയുണ്ട്. ദൈവത്തിന്റെ പുഞ്ചിരി ഇവിടെ , ഇവിടെ മാത്രമാണ്. എങ്കിലും ഇച്ഛാഭംഗത്തിന്റെ ഇലച്ചാർത്തുകൾ കാണുന്നു.
ഏതോ സ്തബ്ധമായ ഉൾബോധത്തിലേക്ക് ജാഗ്രതയില്ലാതെ പ്രവേശിക്കുമ്പോഴാണ് സ്മൃതിയുടെ പേടകം തകർന്നത്` .ഘോരസ്മൃതിയുടെ വ്യഥിതമായ ഭൂതകാലവും പേറി ,പ്രാവുകളെല്ലാം കൂടണയുന്നതും നോക്കി, മനസ്സ് സായംകാലങ്ങളിൽ അലഞ്ഞുനടക്കുന്നു. ആത്മാവിന്റെ മുറ്റത്തെ മുല്ല ഇന്നും പുഷ്‌പിച്ചു.
അവൾ ദുഃഖിതയാണെങ്കിലും ഇലകളിൽ പച്ചപ്പുണ്ട്. കടലിലേക്കു പോയ മുക്കുവനെതേടി കാലങ്ങളുടെ ഉള്ളിലിരുന്ന് വ്രണിതയായ മിഥുനം വിതുമ്പുന്നു. നഷ്‌ടപ്പെട്ട സ്മൃതി തേടി യാത്ര തുടരാം. ബുച്ചർ അറിയിക്കുന്നതുപോലെ കല എത്ര പിന്നീടാണ് മനുഷ്യന്റെ ഉപയോഗത്തിലെത്തുന്നത്.
സൃഷ്‌ടിയും, സൗന്ദര്യവും പ്രാഥമികമായി , ഒരായുസ്സിന്റെ രക്ഷയാണെന്നോർമ്മിക്കുക. ആൽഡ്‌സ് ഹക്‌സ്‌ലി വെളിപ്പെടുത്തുന്നതിലും , കാതലായ അംശം സ്മൃതിയിൽ അവശേഷിച്ചുപോയ ഉൺമയെക്കുറിച്ചാണ്. തന്റെ നാമവും, ഓർമ്മകളും എല്ലാം എനിക്കെന്നോ ഉണ്ടായിരുന്ന ഭാവത്തിൽ നിന്നാണെന്ന് ആ മനസ്സ് സൂചിപ്പിക്കുന്നുണ്ട്. ഭൂതത്തിൽ നിന്ന് മിഴി നേടിയ അസ്തിത വിജയന്റെ കലാസാഹചര്യങ്ങളിൽ ഭാവപൂർണ്ണമായൊരു അനുധ്യാനത്തിന് പദങ്ങൾ പാകുന്നുണ്ട്.
